അമ്മച്ചി പൊളിച്ചു! പാവാടയും ടീഷർട്ടുമണിഞ്ഞ്, കൂളിങ് ഗ്ലാസ് വച്ച് ഫ്രീക്ക് ലുക്കിൽ റാസ്പുടിൻ ഡാൻസ്; ഹിറ്റടിച്ച് വിഡിയോ
Mail This Article
സമൂഹമാധ്യമങ്ങളിലെങ്ങും തുടരുകയാണ് റാസ്പുടിൻ തരംഗം. ചെറുപ്പക്കാർക്കു മാത്രമല്ല പ്രായമായവർക്കും വൈറൽ ചുവടുകൾ വഴങ്ങും എന്നും തെളിയിച്ചുകൊണ്ട് മുതിർന്നവരാണ് ഇപ്പോൾ റാസ്പുടിൻ ചലഞ്ചിൽ മുൻനിരയിൽ. ഏറ്റവുമൊടുവിൽ പുറത്തു വന്നത് റീത്തു മുത്തശ്ശിയുടെ ഡാൻസ് വിഡിയോ ആണ്.
പാവാടയും ടീഷർട്ടും ഷൂസും ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് ഫ്രീക്ക് ലുക്കിലാണ് അമ്മച്ചി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കാലൻകുട കുത്തി ചുവടുവച്ച് ആരംഭിക്കുന്ന അമ്മച്ചി പിന്നീട് പ്രായത്തെ വെല്ലും എനർജിയോടും പ്രസരിപ്പോടും കൂടെ നൃത്തം ചെയ്യുന്നു. മുപ്പത്തിയഞ്ചോളം സെക്കൻഡുകൾ ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. അമ്മച്ചി പൊളിച്ചു എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. റീത്തു മുത്തശ്ശിയുടെ ലുക്ക് ആണ് ആസ്വാദകര്‍ക്കിടയിലെ ചർച്ചാ വിഷയം.
കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന റാസ്പുടിൻ ഡാൻസ് ചലഞ്ചിൽ നിരവധി പേരാണ് ഭാഗമായത്. അതിൽ മുതിർന്നവരുടെ വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുന്‍പ് ചട്ടയും മുണ്ടും ധരിച്ച് ഒരു അമ്മച്ചി റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു. റിട്ടയർമെന്റ് ലിവിങ് ഹൗസിലെ മുതിർന്നവരുടെ പ്രകടനും ശ്രദ്ധേയമായി.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലർത്തി ഇവരെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വ്യത്യസ്ത വിഡിയോകളുമായി എത്തിയിരുന്നു. അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പുറത്തു വന്ന ഈ അമ്മച്ചിയുടെ ഡാൻസും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.