ADVERTISEMENT

ഗായകൻ ഹരീഷ്‌ ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലിപ്സിങ്ക് വിഡിയോ വൈറലാകുന്നു. എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നു പാടി ഹിറ്റാക്കിയ "തങ്കത്തിങ്കൾ" എന്ന വിദ്യാസാഗർ ഗാനവുമായാണ് ഹരീഷ് ഇത്തവണ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പപെട്ടത്. ‘ഒറിജിനലിനോട് മാക്സിമം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ഹരീഷ് പാട്ട് വിഡിയോ പോസ്റ്റ് ചെയ്തത്. പാട്ടുകൾ വലിച്ചു നീട്ടി പാടുകയാണ് എന്നതിന്റെ പേരില്‍ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഇത്തവണ പക്ഷേ പാടുകയല്ല, പാട്ടിനൊപ്പം ചുണ്ടുകൾ അനക്കുക മാത്രമാണ് ഹരീഷ് ചെയ്തത്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോയ്ക്കു താഴെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. ഗായകന്റെ പുതിയ പരീക്ഷണത്തോട് ആസ്വാദകർ പല തരത്തിലാണ് പ്രതികരിച്ചത്. പാട്ടുകൾ വലിച്ചു നീട്ടുന്നതിലും അനാവശ്യ സംഗതികൾ തിരുകിക്കയറ്റുന്നതിലും നല്ലത് ഇതാണെന്നും ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളെത്തി.  

പുകഴ്ത്താനും വിമർശിക്കാനുമായി മലയാളികൾ ഒരുപാടു തവണ എടുത്തുപയോഗിച്ച പേരാണ് ഹരീഷ് ശിവരാമകൃഷ്ണൻ എന്നത്. യുവാക്കളുടെ ഹരമായ കർണ്ണാട്ടിക് റോക്ക് വിഭാഗത്തിലുള്ള പാട്ടുകളാണ് ഹരീഷ് പാടുന്നത്. വളരെ പെട്ടെന്നുതന്നെ ഹരീഷ് യുവാക്കളുടെ ഇടയിൽ ഹിറ്റായി. എന്നാൽ ഹരീഷിന്റെ ചില പാട്ടുകൾ വളരെയധികം വിമർശിക്കപ്പെട്ടു. മലയാളികൾ നെഞ്ചിൽ കൊണ്ട് നടക്കുന്ന പാട്ടുകൾ എടുത്തു കൊല്ലരുത് എന്ന രീതിയിൽ ആണ് കമന്റുകൾ വന്നത്. എന്നാൽ നല്ല വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു അല്ലാത്തവയെ തള്ളിക്കളയുന്നു എന്നാണ് ഹരീഷിന്റെ പക്ഷം. 

ഇപ്പോൾ പങ്കുവച്ച വിഡിയോ നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. ഹരീഷിന്റെ വിഡിയോയ്ക്കു പിന്നാലെ ലിപ് സിങ്ക് പരീക്ഷണവുമായി വൈറൽ ഗായിക ആര്യ ദയാലും രംഗത്തെത്തി. ഗായകന്റെ വിഡിയോയ്ക്കൊപ്പം തന്റേതു കൂടി ചേർത്തൊരുക്കിയ മറ്റൊരു വിഡിയോ ആര്യ പോസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് പുതിയ പാട്ട് പങ്കുവച്ചതിലൂടെ നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ഗായികയാണ് ആര്യ ദയാൽ. ‘അടിയേ കൊള്ളുതേ’ എന്ന ഹിറ്റ് ഗാനത്തിന്റെ കവർ പതിപ്പാണ് ഡിസ്‌ലൈക്ക് അടിയേറ്റ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ എത്തിയത്. ഇപ്പോൾ ആര്യ പോസ്റ്റ് ചെയ്ത ഈ ലിപ്സിങ്ക് വിഡിയോയ്ക്കു താഴെയും വിമർശകരുടെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com