ADVERTISEMENT

പുതിയ കവർ ഗാനം പുറത്തിറക്കിയതിനു പിന്നാലെ യൂട്യൂബിൽ ഡിസ്‌ലൈക്ക് അടിയേറ്റ് സൈബർ ആക്രമണം നേരിടേണ്ടി വന്ന ഗായിക ആര്യ ദയാലിനെ പിന്തുണച്ച് അനന്തു സോമൻ ശോഭന എന്നയാള്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഓരോരുത്തരുടെയും ആസ്വാദന തലം വ്യത്യസ്തമാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു തുറന്നുപറയാൻ അവകാശമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യ ചെയ്യാൻ പാടില്ലെന്നും കുറിപ്പിൽ പറയുന്നു. ഒരാഴ്ച മുൻപാണ് ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പർഹിറ്റ് ഗാനം ആര്യയും സുഹൃത്ത് സാജനും ചേർന്നാലപിച്ചത്. ‘കുപ്രസിദ്ധി’ നേടി പാട്ട് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതോടെ ഇത് കവർ അല്ല ‘ജാം സെഷൻ’ ആയിരുന്നു എന്ന് ആര്യ വിശദീകരിക്കുകയും ചെയ്തു. ഗായികയെക്കുറിച്ചു വിമർശനങ്ങളും ചർച്ചകളും സജീവമായതിനു പിന്നാലെയാണ് പിന്തുണയുമായി അനന്തുവിന്റെ കുറിപ്പ് എത്തിയത്. ആര്യയുടെ ചിത്രം സഹിതമുള്ള പോസ്റ്റിനു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഒരാൾ മനോഹരമായി ചെയ്തുവച്ച കലാസൃഷ്ടിയെ തോന്നും വിധത്തിൽ എടുത്ത് ഉപയോഗിച്ച് അതിന്റെ മൂല്യം ഇല്ലാതാക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാകില്ല എന്നാണ് പലരും കമന്റിട്ടത്. 

സമൂഹമാധ്യമ കുറിപ്പിന്റെ പൂർണരൂപം:

‘ആര്യ ദയാലിനെ ആദ്യമായി കേൾക്കുന്നതും ശ്രദ്ധിക്കുന്നതും 2016ൽ ആണ്. അന്നവർ "സഖാവ്" എന്നൊരു കവിത വളരെ മനോഹരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വിഡിയോ അടുത്ത കാലം വരെ ഫോണിൽ ഉണ്ടായിരുന്നു. അവരുടെ ആലാപനത്തിന്റെ ഭംഗി കൊണ്ടോ ആ കവിതയുടെയും സൗന്ദര്യം കൊണ്ടോ കേരളം മുഴുവൻ ആ കവിത കേട്ടു.

ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ "എന്റെ ഖൽബിലെ" എന്ന ഗാനം മുരളി പാടുന്നതിനു മുമ്പ് അവൻ പറയുന്നുണ്ട് സ്വന്തമായി ടൂൺ കൊടുത്താണ് അത് പാടുന്നതെന്നു. നമുക്ക് ഇഷ്ടമുള്ള പോലെ പാട്ടുകൾ പാടുന്നതിൽ ഒരു തെറ്റുമില്ല ആരെയും നിർബന്ധിച്ചു അത് കേൾപ്പിക്കാത്ത പക്ഷം. ഒരു സംഗീതം അത് കേൾക്കുന്ന എല്ലാവരെയും ഒരുപോലെ ആനന്ദത്തിൽ ആറാട്ടണമെന്നില്ല അങ്ങനെ ഒരു വാശിയും പിടിക്കാനും പാടില്ല. ഭക്ഷണം പോലെ തന്നെയാണ് ചിലരുടെ എരിവിന്റെയും പുളിയുടെയും അവളവല്ല മറ്റൊരാൾക്ക്‌, അത് ആളുകളെ അനുസരിച്ചു മാറിക്കൊണ്ടിരിക്കും.

നിങ്ങൾക്ക് ഒരാളുടെ പാട്ട് അല്ലെങ്കിൽ അയാൾ പാടുന്ന രീതി ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെ ഇരിക്കാം അത് സ്വാഭാവികമാണ്. ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും ഇഷ്ടപ്പെട്ടില്ലേ ഡിസ്‌ലൈക്ക് ചെയ്യുവാനും ഇഷ്ടപ്പെട്ടില്ല എന്ന് പറയുവാനും സ്വാതന്ത്ര്യം ഉണ്ട്‌ പക്ഷെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം കൊണ്ട് ആ പാടിയ ആളെ വ്യക്തിഹത്യ ചെയ്യുന്നതും "എയറിൽ" കയറ്റുന്നതും ശെരിയല്ല.

ആര്യ അവസാനം പാടിയ പാട്ട് ലോകത്തിൽ ഉള്ള ഒരു മനുഷ്യന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒന്നല്ല. ഒരു രാഷ്ട്രീയ ശെരികെടും ഇല്ലാത്ത ഒരു കാര്യത്തിൽ ഒരാളെ അയാൾ പാടിയ പാട്ടിന്റെ പേരിൽ ആക്രമിക്കുന്നത് cyber bullying അത്രത്തോളം normalised ആയതു കൊണ്ടാണ്.

യഥാർഥ സംഗീതപ്രേമികൾ ഞങ്ങളാണ് ഇവൾ സംഗീതത്തെ കൊല്ലുന്നു എന്ന് പറയാൻ മറ്റു കുറച്ചുപേരും. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അവരുടെ പാട്ടു കേൾക്കേണ്ട. ഒരു ആയുസ്സിൽ കേട്ടു തീർക്കാൻ പറ്റാത്ത അത്രയും പാട്ടുകൾ ലോകത്ത് ഉണ്ട്‌ അതൊക്കെ കേൾക്കു അല്ലാതെ ഒരു കലാകാരിയെ എയറിൽ കേറ്റുന്ന വിവരക്കേട് അവസാനിപ്പിക്കണം. ഒരു healthy criticism വും വ്യക്തിഹത്യയും തമ്മിൽ ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്‌.

ആര്യ ഒരു talented singer ആണെന്നാണ് മുമ്പും അഭിപ്രായം ഇപ്പോഴും അഭിപ്രായം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ പാടട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com