‘ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു’; മീടു ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് വൈരമുത്തുവിന്റെ മകൻ
Mail This Article
തമിഴ് കവി വൈരമുത്തുവിനെതിരെ ഉയര്‍ന്ന മീടു ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് അദ്ദേഹത്തിന്റെ മകനും ഗാനരചയിതാവുമായ മദൻ കാർകി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കാർകിയുടെ പ്രതികരണം. താൻ അച്ഛനെ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്നു വിശ്വസിക്കുന്നുവെങ്കിൽ നിയമ നടപടി സ്വീകരിക്കാം എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരമായി നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണു വിശ്വസിക്കുക? ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാം’, മദൻ കുറിച്ചു.
2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംകാതിക്രമ ആരോപണം ഉയർന്നത്. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ഗായിക ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്.