ADVERTISEMENT

ഗായിക ചിന്മയി ശ്രീപദയ്ക്കെതിരെ സമൂഹമാധ്യമ പോസ്റ്റുമായി വൈരമുത്തുവിന്റെ മകൻ മദൻ കാർകി. തന്റെ അച്ഛനെതിരെ ഗായിക ഉന്നയിക്കുന്ന ലൈംഗിക അതിക്രമ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചിന്മയി നുണ പറയുകയാണെന്നും മദൻ ആരോപിക്കുന്നു. മദൻ കാർകി നിർബന്ധിച്ചതു പ്രകാരമാണ് താൻ വൈരമുത്തുവിനെ തന്റെ വിവാഹത്തിനു ക്ഷണിച്ചത് എന്ന് കഴിഞ്ഞ ദിവസം ചിന്മയി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഗായികയ്ക്കെതിരെ മദൻ രംഗത്തെത്തിയത്. ചിന്മയി നുണ പറയുകയാണെന്നാണ് മദന്റെ പ്രതികരണം. 

‘ചിന്മയിക്ക് എന്റെ അച്ഛനെ അവരുടെ വിവാഹത്തിനു ക്ഷണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനായി നേരിൽ കാണാൻ അച്ഛൻ അവർക്ക് അനുവാദം കൊടുത്തില്ല. ചിന്മയി കാരണം അച്ഛൻ ആ സമയത്ത് കുറേ അസ്വസ്തതകൾ നേരിട്ടിരുന്നു. തുടർന്ന് അച്ഛനെ നേരിൽ കാണാൻ വേണ്ടി ചിന്മയി എന്നെ ബന്ധപ്പെടുകയും അനുവാദം വാങ്ങി തരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഞാൻ ആവശ്യം അച്ഛനെ അറിയിക്കുകയും അനുവാദം വാങ്ങിക്കൊടുക്കുകയും ചെയ്തു. ചിന്മയി ഒറ്റയ്ക്കാണ് അച്ഛനെ കാണാൻ വീട്ടിലേയ്ക്കു പോയത്. നേരിൽ കണ്ടിതിനു ശേഷം അവർ അച്ഛന്റെ കാൽ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങുകയും വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് ഇപ്പോൾ അവർ നുണ പറയുകയാണ്’, മദൻ കാർകി പറഞ്ഞു.

ചിന്മയിയുടെയും മദന്റെയും പ്രസ്താവനകൾ ഇ‌തിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു. വൈരമുത്തുവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളോട് ഇത്രയും വർഷത്തിനിടയിൽ ഇതാദ്യമായാണ് മദൻ പ്രതികരിക്കുന്നത്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും തനിക്കു തന്റെ അച്ഛനെ പൂർണ വിശ്വാസമാണെന്ന് മദൻ കാര്‍കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാം എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കി. 

വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചവരിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ലാണ് വൈരമുത്തുവിനെതിരെ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയിയും രംഗത്തെത്തി. തുടർന്ന് 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com