മീടു ആരോപണത്തിൽ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ; ആൽബം നിർമാണം നിർത്തിവച്ച് സംവിധായകൻ
Mail This Article
ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ. സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി വേടൻ പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയർന്നത്. പിന്നാലെ ആൽബത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്ന് മുഹ്സിൻ പരാരി ഔദ്യോഗികമായി അറിയിച്ചു.
വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമായതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നും മുഹ്സിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്രശ്നത്തിൽ നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നതു വരെ വിഡിയോയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്നും സംവിധാകൻ കൂട്ടിച്ചേർത്തു. പിന്നാലെയാണ് റാപ്പർ വേടൻ പരസ്യമായി മാപ്പ് പറഞ്ഞത്.
‘പ്രിയമുള്ളവരെ തെറ്റ് തിരുത്താനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ സ്ത്രീകൾക്കത് മോശം അനുഭവങ്ങളുടെ തുടർച്ചയായതിലും ഇന്നു ഞാൻ ഒരുപാട് ഖേദിക്കുന്നു. എന്റെ നേർക്കുള്ള നിങ്ങളുടെ എല്ലാ വിമർശനങ്ങളും ഞാൻ താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്നു മറ്റൊരാൾക്കു നേരെയും ഉണ്ടാകാതിരിക്കാൻ പൂർണമായും ഞാൻ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നിൽ ഉണ്ടാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു’, വേടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ദ് റൈറ്റിങ് കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ് ഹോപ് ആൽബമാണ് ‘ഫ്രം എ നേറ്റീവ് ഡോട്ടർ’. ഇതിലെ പ്രധാന ഗായകനാണ് വേടൻ. ‘ദ് വോയ്സ് ഓഫ് വോയ്സ്‌ലെസ്’ എന്ന ആൽബത്തിലൂടെയാണ് വേടൻ ശ്രദ്ധേയനായത്. വേടന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘വാ’ എന്ന സംഗീത ആല്‍ബവും ശ്രദ്ധേയമായിരുന്നു.