ADVERTISEMENT

മലയാളത്തിലെ ഏറ്റവും ഹൃദയ സ്‌പർശിയായ പ്രാർഥനാ ഗാനങ്ങളിൽ ഒന്നാണ് ‘‘നീയെന്റെ പ്രാർഥന കേട്ടു.... നീയെന്റെ മാനസം കണ്ടു...’’എന്നത്. ഏതോ പഴയകാല സുവിശേഷകന്റെ സൃഷ്‌ടിയാണ് ഇതെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, പാട്ട് എഴുതിയ പൂവച്ചൽ ഖാദറിന് ഇക്കാര്യത്തിൽ പരിഭവം ഇല്ലായിരുന്നു.‘കാറ്റു വിതച്ചവൻ’ എന്ന സിനിമയ്ക്കായി അദ്ദേഹം എഴുതി,  പീറ്റർ– റൂബൻ ഈണമിട്ട ഗാനമാണിത്. 

കെ.എസ്.ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത ‘കായലും കയറും’ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയതോടെയാണു സിനിമ കൊണ്ടു ജീവിക്കാം എന്ന ധൈര്യം ഖാദറിന് ഉണ്ടായത്. ഈ സിനിമയുടെ ഷൂട്ടിങ് ഭാര്യയുടെ നാടായ ചിറയിൻകീഴിലായിരുന്നു. ‘ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ...... ചിറയിൻകീഴിലെ പെണ്ണേ...’ എന്ന് എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നതു ഭാര്യയുടെ മുഖം ആയിരുന്നോ എന്നു പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെയല്ലെന്നും ചിറയിൻകീഴിൽ ചിത്രീകരിച്ച സിനിമ ആയതുകൊണ്ടാണ് അങ്ങനെ എഴുതിയതെന്നും പിൽക്കാലത്തു ഖാദർ വിശദീകരിക്കുകയുണ്ടായി. 

‘ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ...’ ആയിരുന്നു ഈ ചിത്രത്തിലെ സൂപ്പർഹിറ്റ്. മലയാളിയുടെ നാവിൽ തത്തിക്കളിക്കുന്ന നൂറുകണക്കിനു സൂപ്പർ ഹിറ്റുകൾ പൂവച്ചൽ ഖാദർ എഴുതിയിട്ടുണ്ട്. ചില ഗാനങ്ങൾ ചുവടെ. 

∙ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ... (ചാമരം) 

∙ മൗനമേ... നിറയും മൗനമേ.... (തകര)

അനുരാഗിണീ ഇതാ എൻ... (ഒരു കുടക്കീഴിൽ) 

∙ പൂമാനമേ..... ഒരു രാഗമേഘം താ (നിറക്കൂട്ട്) 

∙ കൂട്ടിൽ നിന്നും മേട്ടിൽ വന്ന....(താളവട്ടം)  

∙ മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ.... (ദശരഥം) 

∙ ശാന്തരാത്രി തിരുരാത്രി (തുറമുഖം) 

∙ രാജീവം വിടരും നിൻ മിഴികൾ... (ബൽറ്റ് മത്തായി) 

∙ കിളിയേ കിളിയേ... മണി മേഘത്തോപ്പിൽ (ആ രാത്രി) 

∙ ഇനിയെന്റെ ഓമലിനായൊരു ഗീതം.... (ഒരു വർഷം ഒരു മാസം) 

∙ രാവിലിന്നൊരു പെണ്ണിന്റെ നാണം.... (തുറമുഖം) 

∙ നാണമാകുന്നോ മേനി നോവുന്നോ.... (ആട്ടക്കലാശം) 

∙ പണ്ടൊരു കാട്ടിലൊരാൺ സിംഹം  (സന്ദർഭം) 

∙ ഓണത്തുമ്പിക്കൊരൂഞ്ഞാല്... (ഓണത്തുമ്പിക്കൊരൂഞ്ഞാൽ) 

∙ സിന്ദൂര സന്ധ്യയ്ക്കു മൗനം... (ചൂള)

കായൽക്കരയിൽ... (കയം) 

∙ എന്റെ ജന്മം നീയെടുത്തു... (ഇതാ ഒരു ധിക്കാരി) 

∙ ഋതുമതിയായ്... തെളി മാനം... (മഴനിലാവ്) 

∙ ഇത്തിരി നാണം..... (തമ്മിൽ തമ്മിൽ) 

ലളിതം, മനോഹരം പൂവച്ചലിന്റെ പാട്ടുജീവിതം

ലാളിത്യമായിരുന്നു പൂവച്ചൽ ഖാദറിന്റെയും അദ്ദേഹത്തിന്റെ പാട്ടുകളുടെയും മുഖമുദ്ര. തലസ്ഥാനത്തെ സിനിമാക്കാരുടെ ആൾക്കൂട്ടങ്ങളിലൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല. വിവാദങ്ങൾക്കു പിന്നാലെ പോകാനും ശ്രമിച്ചില്ല. തുടക്കക്കാർപോലും സാംസ്കാരികനായകരായി വിലസുന്ന ചലച്ചിത്ര രംഗത്ത് അദ്ദേഹം അദ്ഭുതമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഏറെ ബഹുമാനിച്ചിരുന്നു. മരാമത്തു വകുപ്പിൽ എൻജിനീയറായിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ആ അച്ചടക്കം ദൃശ്യമായിരുന്നു.

ഒരുകാലത്തു മലയാളത്തിൽ ഏറ്റവുമധികം സിനിമകൾക്കു പാട്ട് എഴുതിയിരുന്ന സൂപ്പർ ഗാനരചയിതാവായിരുന്നു അദ്ദേഹം.എന്നാൽ, തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹത്തിനു മാറ്റമൊന്നും ഇല്ലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com