ചിത്രാജീ, ഏറെ വിനയമുള്ള ഒരു ‘റോക്സ്റ്റാർ’ ആണ് നിങ്ങൾ, ആ വിജയങ്ങൾ എന്നെ അതിശയിപ്പിക്കുന്നു: എ.ആർ.റഹ്മാന്
Mail This Article
ഗായിക കെ.എസ്.ചിത്രയെക്കുറിച്ചു വാചാലനായി സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. ഇരുവരും ഒരുമിച്ച ‘മേരി പുകാർ സുനോ’ എന്ന സംഗീത ആൽബത്തിന്റെ ഓൺലൈൻ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് റഹ്മാൻ ചിത്രയെക്കുറിച്ചു മനസ്സ് തുറന്നത്. ചിത്ര വളരെ വിനയമുള്ള റോക്സ്റ്റാർ ആണെന്നും ഗായിക ജീവിതത്തിൽ നേടിയതൊക്കെ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും റഹ്മാൻ പറഞ്ഞു.
‘മേരി പുകാർ സുനോ’ തനിക്കും വേറിട്ട അനുഭവമായിരുന്നു എന്ന് സംഭാഷണത്തിനിടെ കെ.എസ്.ചിത്ര വെളിപ്പെടുത്തി. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സ്വന്തം സ്റ്റുഡിയോയിലാണ് പാട്ട് റെക്കോർഡ് ചെയ്തതെന്ന് ഗായിക പറഞ്ഞു. പാട്ട് സ്വന്തമായാണോ റെക്കോർഡ് ചെയ്തതെന്ന റഹ്മാന്റെ നർമം കലർന്ന ചോദ്യത്തിന്, തനിക്ക് സാങ്കേതിക കാര്യങ്ങളിൽ അത്ര അറിവില്ലെന്നും മറ്റൊരാളുടെ സഹായത്തോടെയാണ് റെക്കോർഡിങ് പൂർത്തിയാക്കിയതെന്നും ചിത്ര ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ജൂൺ 28നാണ് ‘മേരി പുകാർ സുനോ’ റിലീസ് ചെയ്തത്. കെ.എസ് ചിത്രയെക്കൂടാതെ അൽക യാഗ്നിക്, ശ്രേയ ഘോഷാൽ, സാധന സർഗം, ശാഷാ തിരുപ്പതി, അർമാൻ മാലിക്, അസീസ് കൗർ എന്നീ ഗായകരും പാട്ടിനു വേണ്ടി സ്വരമായി. ഗുൽസറിന്റേതാണു വരികൾ. ഒപ്പം എ.ആർ.റഹ്മാന്റെ സംഗീതം കൂടി ചേർന്നപ്പോൾ പാട്ട് ആരാധകർക്ക് ആവേശമായി. പ്രത്യാശയുടെയും രോഗശാന്തിയുടെയും ഗീതമായാണ് ‘മേരി പുകാർ സുനോ’ പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെ നേടി ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു.