റാപ്പർ അറിവിനൊപ്പം കട്ടക്കു നിന്ന് നീരജ് മാധവും; ട്രെൻഡിങ്ങിൽ നിന്നു മാറാതെ ‘നമ്മ സ്റ്റോറീസ്’
Mail This Article
കേൾവിക്കാരെ കോൺമയിർ കൊള്ളിച്ച ‘എൻജോയ് എന്‍ജാമി’ക്കു ശേഷം ‘നമ്മ സ്റ്റോറീസു’മായി റാപ്പർ അറിവ്. പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകമനം നിറച്ച്, പാട്ട് ട്രെൻഡിങ്ങിൽ തുടരുകയാണ്. പാട്ടിലൂടെ ഗംഭീര ചുവടുകളും പ്രേക്ഷകർക്കായി ഒരുക്കിവച്ചിട്ടുണ്ട് പിന്നണിപ്രവർത്തകർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നിന്നുള്ള പ്രമുഖ റാപ് ഗായകർ ഒരുമിച്ചാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടത്. ‘നമ്മ സ്റ്റോറീ’സിലൂടെ തെന്നിന്ത്യൻ ഭാഷകളുടെ സൗന്ദര്യം പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
ഇതിനോടകം ലക്ഷക്കണക്കിനു ഹൃദയങ്ങളിൽ പാട്ട് ഇടംപിടിച്ചുകഴിഞ്ഞു. തെലുങ്കിൽ റാപ്പർ സിരിയും കന്നഡയിൽ ഹനുമാൻ കൈൻഡും മലയാളത്തിൽ നീരജ് മാധവുമാണ് പാട്ട് ആലപിച്ചിരിക്കുന്നത്. എല്ലാ കലാകാരന്മാരും ഒരുമിച്ചെത്തിയതോടെ പാട്ട് പ്രേക്ഷകർക്കു നവ്യാനുഭവമായി. നീരജ് മാധവിന്റെ പ്രകടനം മലയാളികൾക്കിടയിൽ ചർച്ചയായി. മുൻപ് താരം ഒരുക്കിയ റാപ് ഗാനങ്ങളെല്ലാം വൻതോതിലാണ് പ്രചരിച്ചിട്ടുള്ളത്.
‘നമ്മ സ്റ്റോറീസി’ന്റെ ദൃശ്യവിരുന്നും എടുത്തു പറയേണ്ടതു തന്നെ. കാർത്തിക് ഷാ ആണ് പാട്ടിന്റെ നിർമാണവും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്. അക്ഷയ് സുന്ദര്‍ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. ‘എൻജോയ് എൻജാമി’യിലൂടെ ലോകോത്തര ശ്രദ്ധ നേടിയ റാപ്പർ ആണ് അറിവ്. വരികളുടെ അർത്ഥം പോലും മനസ്സിലാകാതെ കോടികണക്കിന് ആളുകൾ താളം പിടിച്ച ആൽബത്തിന്റെ രചനയും അറിവ് തന്നെയാണ് നിർവഹിച്ചത്. ഗായിക ധീ ആണ് പാട്ടിൽ പെൺസ്വരമായത്. ‘എൻജോയ് എൻജാമി’യുടെ ആവേശം കെട്ടടങ്ങുന്നതിനു മുൻപാണ് ‘നമ്മ സ്റ്റോറീസ്’ എത്തിയത്.