ADVERTISEMENT

കോഴിക്കോട് ∙ പ്രസിദ്ധ ഗായിക കെ.എസ്.ചിത്രയ്ക്കു പിറന്നാൾ സമ്മാനമായി യുവ ഗായികയുടെ ഗാനോപഹാരം. ഗോവിന്ദപുരം ‘സുകൃത’ത്തിൽ വിശ്വനാഥന്റെയും ആഴ്ചവട്ടം സ്കൂൾ അധ്യാപിക ഷൈനിജ വിശ്വാനാഥിന്റെയും മകൾ അക്ഷര വിശ്വാനാഥ് ആണു ചിത്രയുടെ 58 ഗാനങ്ങൾ കോർത്തിണക്കി പാടി സമർപ്പിക്കുന്നത്. അക്ഷര തന്റെ പിറന്നാൾ ദിവസമായ കഴിഞ്ഞ 6 നാണു ഗാനാലാപനം യൂട്യൂബ് ചാനലിൽ ആരംഭിച്ചത്. മലയാളത്തിന്റെ വാനമ്പാടിയെ മനസാ വണങ്ങി കേശാദിപാദം തൊഴുന്നേൻ, കേശവ എന്ന ഗാനത്തോടെ സ്നേഹപൂർവം ചിത്ര ചേച്ചിക്ക് എന്ന ഗാനോപഹാരത്തിനു അക്ഷര തുടക്കം കുറിച്ചു. 

 

27 നു ചിത്രയുടെ പിറന്നാൾ ദിവസം കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന ഗാനം ആലപിച്ച് ഉപഹാരം പൂർത്തിയാക്കും. വൈശാഖ സന്ധ്യേ, പാടീ തൊടിയിലേതോ, മേഘ രാഗം, ആവണി പൊന്നൂഞ്ഞാൽ, പൂക്കാലം വന്നൂ, കണ്ണാടി കയ്യിൽ തുടങ്ങി ചിത്രയുടെ ആലാപനം കൊണ്ട് അമരത്വം നേടിയ ഒട്ടേറെ ഗാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പാടി. കാർമുകിൽ വർണന്റെ ചുണ്ടിൽ അൻപത്തെട്ടാം ഗാനമാണ്.

 

ദേവഗിരി കോളജിൽ നിന്നു ഫങ്ഷനൽ ഇംഗ്ലിഷിൽ ബിരുദ പഠനം പൂർത്തിയാക്കിയ അക്ഷര ചെറുപ്രായം തൊട്ടേ സംഗീതം അഭ്യസിക്കുന്നുണ്ട്. താമരക്കാട് കൃഷ്ണൻ നമ്പൂതിരിയാണു പ്രധാന ഗുരു. ഗസൽ സംഗീതത്തിലും പ്രാവീണ്യം ഉണ്ട്. നിരവധി ഗാനപരിപാടികളിൽ ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ് ആലപിക്കുന്ന ചിത്രയുടെ തനതു ശൈലി വല്ലാതെ ആകർഷിച്ചു. വർഷങ്ങളായി ചിത്രയുടെ ഗാനങ്ങൾ കേൾക്കുകയും ആലപിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ഗുരു സ്ഥാനത്തുള്ള ചിത്രയ്ക്ക് ആദരമർപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു സംഗീതപരിപാടി നടത്തുന്നതെന്ന് അക്ഷര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com