‘എപ്പോഴും ചിരിക്കുന്ന, വിനയാന്വിതയായ വനിതാരത്നം മാത്രമല്ല കെ.എസ്.ചിത്ര’; വേറിട്ട കുറിപ്പുമായി ഷഹബാസ് അമൻ
Mail This Article
ഗായിക കെ.എസ്.ചിത്രയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് സംഗീതജ്ഞൻ ഷഹബാസ് അമൻ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ചിത്ര എന്ന ഗായികയുടെ ആലാപനത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും അവര്‍ പാടിയ പാടിയ പാട്ടുകളെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് ഷഹബാസിന്റെ സുദീർഘമായ കുറിപ്പ്. ഒപ്പം ഗായികയുടെ പഴയ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കെ.എസ്.ചിത്രയുടെ സംഗീതജീവിതയാത്രയെക്കുറിച്ചു വിവരിച്ചുകൊണ്ടുള്ള ഷഹബാസ് അമന്റെ കുറിപ്പ് ആരാധകരിൽ നിരവധി പേർ പങ്കുവച്ചിട്ടുമുണ്ട്.
ഷഹബാസ് അമന്റെ സമൂഹമാധ്യമ കുറിപ്പ്.
ഉപ്പ് ഏറിയാൽ പറയും ഏറീന്ന്. കുറഞ്ഞാ പറയും കുറഞ്ഞൂന്ന്. എന്നാൽ പാകത്തിനാണെങ്കിലോ, ആരും പ്രത്യേകിച്ച് ഒന്നും പറയില്ല. അതു പോലത്തെ ഒരു ഗായികയാണു ചിത്രേച്ചി. 'വാനമ്പാടി' എന്ന് പറഞ്ഞൊഴിയുകയല്ലാതെ അവരുടെ ശബ്ദവും ആലാപനവും പാട്ടിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഉണ്ടായതായി അറിവില്ല. അവരുടെ ഏതെങ്കിലും ഇന്റർവ്വ്യൂസിനെ ആധാരമാക്കി അതിനു ശ്രമിക്കുന്നതിൽ ഒരു കാര്യവുമില്ല. ഒന്നാമത് അവർ അത്രക്ക് പേടിച്ചും ശ്രദ്ധിച്ചുമാണു ഇതുവരെ കഴിഞ്ഞു കൂടിയത്. ഉള്ളിന്റെ ഉള്ളിൽ അവർ സൂക്ഷിച്ചുവച്ചിരിക്കാൻ സാധ്യതയുള്ള തന്റേതു മാത്രമായ സംഗീതനിരീക്ഷണപഠനങ്ങളും വിമർശനപാഠങ്ങളും ഈ ആയുസ്സിൽ അവർ പുറത്തേക്കു പറയാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. തിരിച്ച് അവരേക്കുറിച്ചുള്ള സീരിയസ് പഠനങ്ങളും ഇതുവരെ വന്നതായി കാണുന്നില്ല.
അവർ നമ്മുടെ കാലത്തെ വലിയൊരു ഗായികയാണ്. പെർഫെക്ഷനിസ്റ്റാണ്. സ്റ്റുഡിയോയിൽ നിന്ന് സ്റ്റുഡിയോകളിലേക്കും സ്റ്റേജിൽ നിന്ന് സ്റ്റേജുകളിലേക്കും ധാരാളം മൈക്രോഫോണനുഭവങ്ങളിലേക്കും വിവിധ മ്യൂസിക്കൽ പ്രോഗ്രഷനുകളിലേക്കുമൊക്കെയുള്ള അവരുടെ സംഗീതജീവിതയാത്ര എത്ര വൈവിധ്യവും നിറപ്പകർച്ചയുള്ളതുമാണെന്നോർക്കണം. എം.ജി രാധാകൃഷ്ണൻ മുതൽക്കിങ്ങോട്ട് സുശിൻ ശ്യാം വരേക്കുള്ള മലയാളത്തിലെ ഏതാണ്ട് മുഴുവൻ സംഗീതസംവിധായകരോടൊപ്പവും അവർ പ്രവർത്തിച്ചു. മലയാളം കഴിഞ്ഞാൽ ഇളയരാജ മുതൽക്ക് തുടങ്ങുന്ന യാത്ര റഹ്മാനിലൂടെ തുടർന്ന് ഹെബി ഹെൻകോക്കിലേക്കും സുൽത്താൻ ഖാനിലേക്കുമൊക്കെ നീണ്ടു പരന്നങ്ങനെ കിടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കെ.എസ് ചിത്രയുടെ ശബ്ദാലാപന സാന്നിധ്യം ആ വർക്കുകൾക്കുണ്ടാക്കിക്കൊടുത്തിട്ടുള്ള ഗ്രെയ്സ് വളരെ വളരെ വലുതാണ്. പക്ഷേ, അങ്ങനെ അത് എടുത്തു പറയാൻ ആരും ശ്രദ്ധിക്കാറില്ല എന്നതാണു സത്യം. അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയും എന്ന് തോന്നുന്നു. അസാധാരണത്വമുള്ള സാധാരണത്വം എന്നോ തിരിച്ചോ പറയാവുന്ന ഒന്ന്. തീർച്ചയായും ചില പാട്ടുകളും ചില തീവാക്കുകളുമൊന്നും അവരുടെ വോയ്സ് ടെക്സ്റ്ററിനിണങ്ങുന്നതല്ല. എന്നാൽ അവരുടെ ശബ്ദസാന്നിധ്യം ആവശ്യമായിരുന്ന ചില ഗാനങ്ങളിൽ അതിന്റെ അസാന്നിധ്യം നേരിട്ടതിലേക്കു സൂക്ഷിച്ച് നോക്കിയാലേ അതിന്റെ പ്രാധാന്യം എന്തെന്നു മനസ്സിലാകൂ.
ഏറ്റവും പുതിയ കാലത്തെ ഒരുദാഹരണം മാത്രം പറഞ്ഞു നിർത്താം. മാലിക്കിലെ ‘തീരമേ’ എന്ന ഗാനം തന്നെ. അതിന്റെ കവറുകളെല്ലാം വരുന്നതിനു മുൻപേ സിനിമക്കായി ആദ്യം പാടിയത് ചിത്രച്ചേച്ചി അല്ലായിരുന്നുവെങ്കിൽ സംഗീതത്തേക്കാളുപരി രചനാപരമായി ആ ഗാനം ബോധപൂർവ്വം ആവശ്യപ്പെടുന്ന ശ്രദ്ധയും കൃത്യതയും തലയെടുപ്പും വജ്രസമാനമായ മൂർച്ചയും ഇപ്പോഴുള്ളത്ര മറ്റുള്ള ആരിൽ നിന്നെങ്കിലും കിട്ടുമായിരുന്നോ എന്ന കാര്യം സംശയമാണ്. അൻവർ അലി, സുശിൻ ശ്യാം എന്നിവരെക്കൂടാതെ സൗണ്ട് എഞ്ചിനീയർക്കും ഈ സംശയത്തിനുള്ള ഉത്തരം അധികം ആലോചിക്കാതെ കൃത്യമായി പറയാൻ കഴിയേണ്ടതാണ്. ഇതുപോലെയുള്ള നൂറുകണക്കിനുദാഹരണങ്ങളിലൂടെ ഇതൾവിരിയേണ്ടതായ ഒരു 'ചിത്രചരിതം' തന്നെ നിലവിൽ നമുക്ക് കാര്യമായി ലഭ്യമല്ലാതിരിക്കുന്നിടത്താണു കെ.എസ്.ചിത്ര എന്ന വലിയ ഗായികയെ 'എപ്പോഴും ചിരിക്കുന്ന' 'വിനയാന്വിതയായ' ഒരു 'വനിതാരത്നം മാത്രമായി' ലോകത്തെമ്പാടുമുള്ള മലയാളികൾക്കു മുന്നിൽ എന്നും കൂപ്പുകൈകളോടെ കാണപ്പെടുന്നത്. തീർച്ചയായും അത് നല്ലത് തന്നെ. പക്ഷേ,അത് മാത്രമല്ലെന്നും അതിൽ ഉപരിയാണെന്നുമാണുദ്ദേശിച്ചത്.
ഗായകന്മാരെക്കുറിച്ചാകുമ്പോൾ വലിയ ബൗദ്ധികപഠനങ്ങളുള്ള പതിപ്പും ഗായികമാരെക്കുറിച്ചാകുമ്പോൾ 'വലിയവർ' അവരെ അഭിനന്ദിച്ചതിന്റെയും അനുഗ്രഹിച്ചതിന്റെയും മാതാപിതാക്കളുടെ കൈപിടിച്ചിറങ്ങിയതിന്റെയും കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിയതിന്റെയും കണ്ണീർക്കഥകൾ മാത്രം നിറഞ്ഞ പതിപ്പും ആയി നമ്മുടെ മാഗസിനുകൾ (അഭിമുഖ സംഭാഷണങ്ങളും ഫീച്ചറുകളും) മാറാറുള്ളത് പൊതുവേ എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുള്ള കാര്യമാണ്. ഈ പരാമർശത്തിനു വിപരീതമായി "രാജഹംസമേ" എന്ന ‘ചിത്രശബ്ദമോ’ ‘ചിത്രാലാപമോ’ ഇല്ലായിരുന്നുവെങ്കിൽ ജോൺസൺ മാഷിന്റെ ജീനിയസ് (വെളിപ്പെടുന്നതിനല്ല); ഒരു പക്ഷേ കൃത്യമായി അടയാളപ്പെടുത്തപ്പെടുന്നതിനു തീർച്ചയായും കാര്യമായ പരിമിതികൾ ഉണ്ടായേനെ എന്ന നിലക്കുള്ള വല്ല എതിർ പഠനങ്ങളും ഓൾ റെഡി വന്നിട്ടുണ്ടെങ്കിൽ അറിവുള്ളവർ ദയവായി വിവരം തരുമല്ലൊ.
ചിത്രച്ചേച്ചിയുടെ ബെർത്ത് ഡേ ആയതു കൊണ്ട് സാന്ദർഭികമായി ഈ കുറിപ്പ് അവരെക്കുറിച്ച് മാത്രം. എന്നാൽ വലുപ്പച്ചെറുപ്പമില്ലാതെ നമ്മുടെ ഏത് പ്രിയ ഗായികമാരെക്കുറിച്ചാണെങ്കിലും പ്രതിപാദ്യ വിഷയം വിചിന്ത്യം തന്നെയാണെന്നു കരുതുന്നു. സ്വന്തം ശബ്ദത്തിന്റെയും ആലാപനത്തിന്റെയും ജീവിതബോധ്യത്തിന്റെയും പ്രത്യേകതകൾ കൊണ്ട്, പാടിയ പാട്ടിലെല്ലാം സ്വമുദ്രയും 'ഉടമസ്ഥാവകാശവും' ഉള്ള ഗാനകാരികളെയെല്ലാം ആദരവോടെ ഇവിടെ ഓർക്കുന്നു. (എഴുത്തോ പഠനമോ ഒന്നുമില്ലെങ്കിലും നമുക്ക് സുഖമായി പാട്ടും കേട്ട് ജീവിക്കാവുന്നതാണു ട്ടൊ. അത് വേറെ) നന്ദി. എല്ലാവരോടും സ്നേഹം...
പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.