ഉമ്പായി വീണ്ടും പാടുന്നു...
Mail This Article
ഉമ്പായി. മലയാളിയുടെ ഗസലോർമകൾ ഒരു പക്ഷേ തുടങ്ങുന്നതും ഒടുങ്ങുന്നതും ഈ പേരിലായിരിക്കണം. സംഗീതപ്രേമികളുടെ സായാഹ്നസിരകളിൽ സുലൈമാനിക്കൊപ്പം നുരഞ്ഞുകയറിയ ഈ ഗസൽനാദം നിലച്ചിട്ട് ഓഗസ്റ്റ് 1ന് മൂന്നു വർഷം. കെ. ജയകുമാർ രചിച്ച് ഉമ്പായി പാടേണ്ടിയിരുന്ന ഒരു ഗാനം ഗസൽ പ്രേമികൾക്കായി സമർപ്പിക്കുകയാണ് മനോരമ മ്യൂസിക്. അരുതെന്നു മാത്രം പറയരുതേ... എന്നു തുടങ്ങുന്ന ഈ ഗാനം ഉമ്പായിയുടെ അഭാവത്തിൽ പാടിയിരിക്കുന്നത് ഗായകൻ നാസിൽ ആണ്.
കെ. ജയകുമാറും ഉമ്പായിയും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണത്തിലാണ് ഇരുവരും ഒരുമിച്ചുകൊണ്ടുള്ള ഒരു ഗസൽ ആൽബം എന്ന ആശയമുദിക്കുന്നത്. സഫലമാകാതെ പോയ ആ ഗസൽസ്വപ്നം ഓർമിച്ചെടുക്കുകയാണ് ഗാനരചയിതാവ് കെ. ജയകുമാർ. ‘‘ഉമ്പായിക്കു വേണ്ടി ഞാൻ വരികൾ എഴുതി. 8 പാട്ടുകളോളം എഴുതി പൂർത്തിയാക്കി അദ്ദേഹവുമായി ഒരുമിച്ചിരുന്നത് ഓർക്കുന്നു. ഒരു ഗാനത്തിന് അദ്ദേഹം സംഗീതം നൽകുകയും ചെയ്തു. ഉമ്പായി തന്നെ ആ വരികൾ പാടുന്നതിന്റെ ഒരു വിഡിയോയും ഭാഗ്യവശാൽ അന്ന് റെക്കോർഡ് ചെയ്യാൻ സാധിച്ചു. ആൽബം പൂർത്തിയാക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പക്ഷേ അന്ന് അദ്ദേഹം മൂളിത്തന്ന ഈണം മലയാളികൾ കേൾക്കാതെ പോകരുത് എന്ന ആഗ്രഹത്തിൽനിന്നാണ് ഞങ്ങൾ അന്നത്തെ ഗാനം റീവർക്ക് ചെയ്ത് ഉമ്പായിയുടെ ഓർമദിനത്തിൽ പുനരവതരിപ്പിക്കാൻ തീരുമാനിച്ചത്.’’
ഉമ്പായിയുടെ ഓർമകൾക്കു മുന്നിൽ സമർപ്പിക്കാവുന്ന ഏറ്റവും അമൂല്യമായ സമ്മാനമായിരിക്കും ഈ ഗാനം എന്നാണ് ജയകുമാർ പറയുന്നത്. ഗായകൻ നമ്മെ വിട്ടുപിരിഞ്ഞു മൂന്നു വർഷങ്ങൾക്കു ശേഷം ആ ഈണത്തിനു കാതോർക്കുമ്പോൾ വീണ്ടും നാം പിൻനടക്കുകയാണ്... ഹർമോണിയം മൂളുന്ന പാട്ടുവേദികളിലേക്ക്...ഓർമകൾ ഇമചിമ്മിത്തുറക്കുമ്പോൾ അതാ ഉമ്മറത്ത് ഉമ്പായിയുണ്ട്.. അതേ ചിരിയോടെ.... ചുണ്ടിൽ ഗസലിന്റെ ആലസ്യത്തോടെ..
‘‘അരുതെന്നു മാത്രം പറയരുതേ.. പാടരുതെന്നു മാത്രം പറയരുതേ....’’