ADVERTISEMENT

മലയാളത്തിന്റെ ഗസൽസ്പർശം ഉമ്പായി വിടവാങ്ങിയിട്ട് ഇന്നു മൂന്നുവർഷം. ഉമ്പായിയെ ഹൃദയത്തിലേറ്റിയ സംഗീതാസ്വാദകരുടെ നാടായ കോഴിക്കോട്ട് അദ്ദേഹത്തിനായി സ്മാരകമുയരുന്നു. കുറ്റിക്കാട്ടൂരിൽ ഉമ്പായി മ്യൂസിക് അക്കാദമിയുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന അക്കാദമിയാണിത്. മ്യൂസിയം, ആർട് ഗാലറി, ഹൈടെക് ക്ലാസ് മുറികൾ, ഉന്നതനിലവാരമുള്ള റെക്കോർഡിങ് സ്റ്റുഡിയോകൾ, സംഗീതോപകരണങ്ങൾ, ഓപ്പൺഎയർ തിയറ്റർ എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. 

 

വിവിധ സർവകലാശാകളുടെ അംഗീകാരം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എംഎ ഹിന്ദുസ്ഥാനി, ബിഎ ഹിന്ദുസ്ഥാനി വോക്കൽ, ബിഎ ഹിന്ദുസ്ഥാനി ഇൻസ്ട്രുമെന്റൽ, ബിഎ ഹിന്ദുസ്ഥാനി ലളിതസംഗീതം, സംഗീത ഡിപ്ലോമ എന്നീ കോഴ്സുകളാണ് ഇവിടെ പഠിക്കാൻ കഴിയുക. പത്തുകോടി രൂപ ചെലവിലാണ് അക്കാദമി നിർമിക്കുന്നത്. ബജറ്റിൽ അക്കാദമിക്കായി 50 ലക്ഷം ആദ്യഗഡുവായി അനുവദിച്ചിരുന്നു. പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തി പണി ഉടൻ തുടങ്ങാനാണ് ശ്രമം.

 

എംഎൽഎമാരായ എം.കെ.മുനീർ, പി.ടി.എ.റഹീം, മുൻ എംഎൽഎ  എ.പ്രദീപ്കുമാർ എന്നിവരുടെ ശ്രമഫലമായാണ് കോഴിക്കോട്ട് ഉമ്പായി മ്യൂസിക് അക്കാദമി വരുന്നത്. മലബാർ ഗ്രൂപ്പ് അവരുടെ ആസ്ഥാനകേന്ദ്രമായ കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിനു സമീപം 20 സെന്റ് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. 10 സെന്റ് നൽകാമെന്നായിരുന്നു വാഗ്ദാനമെങ്കിലും പിന്നീട് 20 സെന്റ് വിട്ടുനൽകുകയായിരുന്നു. സ്ഥലത്തിന്റെ റജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ കെട്ടിട നിർമാണം തുടങ്ങുമെന്ന് ഉമ്പായി മ്യൂസിക് അക്കാദമി കമ്മിറ്റി സെക്രട്ടറി കെ.സലാം പറഞ്ഞു.

 

‘ഹൃദയപൂർവം ഉമ്പായിക്ക്’ ഇന്ന്

 

ഉമ്പായിക്ക് ആദരവുമായി മ്യൂസിക് അക്കാദമിയുടെ ഹൃദയപൂർവം ഉമ്പായിക്ക് ഇന്നു വൈകിട്ട് ഏഴിന് ഓൺലൈനായി നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com