പവനരച്ചെഴുതിയ പാട്ടുകൾ
Mail This Article
2008 ഓഗസ്റ്റിൽ മലയാള മനോരമ ഞായറാഴ് പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
ഓ ആ പാട്ട് ചേച്ചി പാടിയതാണോ?
എത്രയോ വർഷമായി കല്യാണിമേനോനോട് പലരും ഇങ്ങനെ ചോദിക്കുന്നു.
മലയാള സിനിമാഗാന ശാഖയിൽ സജീവമായ ഒരു കാലം അന്നും ഇന്നും കല്യാണിമേനോനില്ല. എന്നാൽ ചലച്ചിത്രഗാനത്തിൽ അഭിരമിച്ചു ജീവിക്കുന്ന മലയാളിയുടെ ഹൃത്തിൽ ചേർത്തുപിടിക്കാൻ സജീവമായി നിൽക്കുന്ന കുറച്ചുപാട്ടുകൾ കല്യാണിമേനോൻ നൽകിയിട്ടുണ്ട്. മാതൃത്വത്തിന്റെ മധുരമൂറുന്ന പാട്ടുകൾ... അറിയാതെ ഒന്നു ഡാൻസ് ചെയ്യാൻ തോന്നിക്കുന്ന ജിംഗിൾസുകൾ... പിന്നെ ഓർമകളെ പ്രണയപൂർവം ചേർത്തുപിടിക്കുന്ന നൊസ്‌റ്റാൾജിക് സ്‌പർശമുള്ള പ്രണയഗാനങ്ങൾ...
‘‘ഋതുഭേദകല്‌പന ചാരുത നൽകിയ പ്രിയ പാരിതോഷികം പോലെ...’’ രണ്ടു പുലികൾക്കു നടുവിൽ പേടമാനിനെപ്പോലെ പേടിച്ചരണ്ടു പാടിയ പാട്ട് എന്നാണ് മംഗളം നേരുന്നു എന്ന സിനിമയിലെ ഈ ഗാനത്തെക്കുറിച്ച് കല്യാണിമോനോൻ ഓർക്കുന്നത്. മായാമാളവ ഗൗളരാഗത്തിന്റെ സത്തുമുഴുവൻ പിഴിഞ്ഞെടുത്ത ഗാനം. സംഗീതസംവിധായകൻ ഇളയരാജ. കൂടെപ്പാടുന്നത് യേശുദാസ്. ഒരു പുതുമുഖ ഗായിക എങ്ങനെ പേടിക്കാതിരിക്കും. മലയാളത്തിലെ മികച്ച റൊമാന്റിക് ഗാനങ്ങളുടെ പട്ടികയിലേക്കു കയറിയ ഈ പാട്ട് കല്യാണിമേനോൻ പാടിയതാണെന്ന് എത്രപേർക്കറിയാം ?
എറണാകുളം കാരയ്‌ക്കാട്ട് റോഡിലെ ‘കല്യാണി’ ഇപ്പോഴും കല്യാണിമേനോന്റെ കാലൊച്ചകൾക്കു കാതോർത്തുനിൽക്കുന്നു. ചെന്നൈയിൽനിന്ന് ഇടവേള കിട്ടുമ്പോഴൊക്കെ ജനിച്ചുവീണ ഈ വീട്ടിലേക്ക് ഓടിയെത്തുന്ന കല്യാണിമേനോൻ അവിടെ ഒരു കൊച്ചുകുട്ടിയാണ്. ഷെൽഫിൽ പ്രിയപ്പെട്ട മാതാപിതാക്കളുടെ ഫോട്ടോ. അടുത്തുതന്നെ താനാക്കി മാറ്റിയ ഗുരു എം.ആർ. ശിവരാമൻനായരുടെ ചിത്രം. അരുകിൽ പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ മകൻ രാജീവ്‌മേനോന്റെ ചിത്രം. പ്രിയപ്പെട്ടവർക്കു നടുവിലിരുന്ന് കല്യാണിമേനോൻ ജിവിതത്തിന്റെ അവിചാരിതകളിലൂടെ നടന്നു.
എറണാകുളം ഗവ. ഗേൾസിലെ അധ്യാപികയായിരുന്നു കല്യാണിമേനോന്റെ അമ്മ രാജമ്മ. പ്രശസ്‌തമായ കാരയ്‌ക്കാട്ട് കുടുംബാംഗം. അച്‌ഛൻ മാറായിൽ ബാലകൃഷ്‌ണമേനോൻ. കല്യാണിക്ക് ആദ്യതാൽപര്യം നൃത്തത്തോടായിരുന്നു. പക്ഷേ അമ്മ കണ്ണുരുട്ടി. പാട്ടുപഠിക്കാം. നൃത്തത്തിന്റെ പിന്നാലെ നടക്കാൻ തനിക്കു സമയമില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ടിഡിഎം ഹാളിൽ സംഗീതഭൂഷണം എം.ആർ. ശിവരാമൻ ക്ലാസ് തുടങ്ങിയത് ആ സമയത്താണ്. കല്യാണിയും പഠിക്കാൻ ചേർന്നു. യേശുദാസും മറ്റും ആ സമയത്ത് അവിടെയുണ്ടായിരുന്നു. മഹാരാജാസിലായിരുന്നു കോളജ് വിദ്യാഭ്യാസം. യൂത്ത് ഫെസ്‌റ്റിവലിൽ പാട്ടിന് ഒന്നാമതെത്തിയ കല്യാണിക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ മുന്നിൽ പാട്ടുപാടാൻ അവസരം കിട്ടി. അതു കഴിഞ്ഞ് മഹാരാജാസിൽ നൽകിയ സ്വീകരണമാണ് കല്യാണിമേനോനെ പാട്ടുകാരിയാവാൻ പ്രേരിപ്പച്ചത്.
‘‘പാട്ടിനോട് ബഹുമാനവും പാട്ടുകാരിയാകാൻ ആഗ്രഹവും തോന്നിപ്പിച്ച അഭിമാനമുഹൂർത്തമായിരുന്നു ആ സ്വീകരണം.’’
കല്യാണിമേനോന്റെ ജീവിതവും പാട്ടും തമ്മിലുള്ള തീക്ഷ്‌ണബന്ധം അവിടെ തുടങ്ങി. ബോംബെയിൽ നേവിയിൽ ഓഫിസറായിരുന്ന കെ.കെ. മേനോൻ ടിഡിഎം ഹാളിൽ നവരാത്രി സംഗീതോൽസവത്തിന് മധുരമായി പാടിയ യുവഗായികയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതും പാട്ടിന്റെ ശക്‌തി.
‘‘ഭാര്യ ഗായികയാണ് എന്നു പറയുന്നതിൽ അഭിമാനമായിരുന്നു അദ്ദേഹത്തിന്. എന്നെ ദേവതയെപ്പോലെയാണ് കരുതിയത്. തങ്കം എന്നേ വിളിക്കൂ. തങ്കം ഇതു സരസ്വതീകടാക്ഷമാണ്. എല്ലാവർക്കും അതു ലഭിക്കില്ല എന്നു കൂടെക്കൂടെപ്പറയും. വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് താമസം മാറി. ഷൺമുഖാനന്ദഹാളിൽ യേശുദാസിനൊപ്പം ഒരിക്കൽ പാടാൻ അവസരം ലഭിച്ചു. യാദൃച്‌ഛികമായി എന്റെ പാട്ട് ഒരു സിനിമാനിർമ്മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. മദ്രാസിലേക്ക് പുതിയ സിനിമയിൽ പാടനുള്ള ക്ഷണം ഉടനെയുണ്ടായി. എന്നോടൊന്ന് ചോദിക്കുകപോലും ചെയ്യാതെ യെസ് മൂളി, അദ്ദേഹം.’’ - കല്യാണിമേനോൻ മദ്രാസിലേക്ക് ജീവിതം പറിച്ചു നട്ടത് ആ പാട്ടിലാണ്.
മദ്രാസിലെ എ.വി.എം സ്‌റ്റുഡിയോയിൽ ദക്ഷിണാമൂർത്തി താടിയുഴിഞ്ഞ് നിൽക്കുന്നു. ചുറ്റും നാൽപ്പതോളം ഓർക്കസ്‌ട്രക്കാർ. പി. സുശീലയുടെ നാലു പാട്ടുകൾ പാടാനാണ് സ്വാമി ആദ്യം ആവശ്യപ്പെട്ടത്. പാട്ടുപാടിക്കഴിഞ്ഞപ്പോൾ സ്വാമിയുടെ മുഖം തെളിഞ്ഞു. അബല എന്ന സിനിമയിലെ ഗാനമാണ് റിക്കോർഡ് ചെയ്യേണ്ടിയിരുന്നത്. ‘എന്നിനിദർശനം ...’ എന്നു തുടങ്ങുന്ന ഭക്‌തിതുളുമ്പുന്ന ഈണം. റിക്കോർഡിങ് മുറിയിൽ ഓടിനടന്ന കൊച്ചുമനുഷ്യനെ പിന്നീടാണു തിരിച്ചറിഞ്ഞത്- ആർ.കെ. ശേഖർ.
‘‘ജ്‌ഞാനസ്‌ഥനായിരുന്നു ശേഖർ. സംഗീതത്തിൽ അപാരമായ അറിവുള്ള വ്യക്‌തി. പക്ഷേ സിനിമാലോകം അദ്ദേഹത്തെ ആദരിച്ചില്ല. അംഗീകാരങ്ങളൊന്നും ലഭിക്കാതെയാണു ശേഖർ കടന്നുപോയത്. അച്‌ഛനു ലഭിക്കേണ്ട ആദരവുകളെല്ലാം മകൻ എ.ആർ. റഹ്‌മാനു ലഭിച്ചു. ഇപ്പോഴും റഹ്‌മാൻ ജിംഗിൾസ് ചെയ്യുമ്പോൾ എന്നെ വിളിക്കും. ചേച്ചിതന്നെ പാടണമെന്നു പറയും.’’ - കല്യാണിമേനോൻ വാൽസല്യം ചൊരിഞ്ഞു.
ബോംബെയിലെ ഫേമസ് സിനിലാബിലെ റെക്കോർഡിങ്ങും ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഏടാണു കല്യാണിമേനോന്. ബാബുരാജിന്റെ സംഗീതസംവിധാനത്തിലെ ആദ്യ പാട്ട്. ‘ദ്വീപ് ’ എന്ന സിനിമ. തലത് മുഹമ്മദിന്റെ സ്‌റ്റുഡിയോയിൽ വിശ്രുതരായ ഗായകർ പാടിയ മൈക്രോഫോണിനു മുന്നിൽ. വിഷാദം നിറഞ്ഞ ഈണം... ‘‘ കണ്ണീരിൻമഴയത്ത് നെടുവീർപ്പിൻ കാറ്റത്ത് കരളേ ഞാൻ നിന്നെയും കാത്തിരിക്കും...’’ തലത് മുഹമ്മദിന്റെ പ്രശസ്‌തമായ കടലേ നീലക്കടലേ... എന്ന ഗാനവും ഈ സിനിമയിലേതാണ്.
‘‘സംഗീതസംവിധായകരിൽ പലർക്കും പല ശൈലിയാണ്. ചിലർ തങ്ങളുടെ പാട്ടിനെ കടിഞ്ഞാണിട്ടപോലെ കൊണ്ടുപോകും. ഇളയരാജയും ബാബുരാജുമെല്ലാം അത്തരക്കാരാണ്. ചിലർ വേണ്ടത്ര സ്വാതന്ത്യ്രം അനുവദിക്കും. എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയ വ്യക്‌തി ദക്ഷിണാമൂർത്തിയാണ്. ഒരിക്കലും വലിയ ഗായികയാണ് ഞാനെന്ന് തോന്നിയിട്ടില്ല. സ്വയം പ്രമോട്ട് ചെയ്യാനും ശ്രമിച്ചിട്ടില്ല.’’ പരിഭവമില്ലാതെ കല്യാണിമേനോൻ മനസ്സുതുറന്നു.
‘‘മലയാളത്തിൽ നല്ല പാട്ടുകൾ ഇടയ്‌ക്കിടെ വന്നുപോകാറുണ്ട്. വിയറ്റ്‌നാംകോളനിയിൽ എസ്. ബാലകൃഷ്‌ണന്റെ സംഗീതസംവിധാനത്തിൽ ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും...’ പാടി. സിനിമയിറങ്ങിയപ്പോൾ കവിയൂർ പൊന്നമ്മയുടെ മുഖത്തിന് നന്നായി ചേരുന്ന ശബ്‌ദം എന്ന അഭിപ്രായം കിട്ടി. കാക്കക്കുയിലിൽ കവിയൂർപൊന്നമ്മയ്‌ക്കുവേണ്ടിത്തന്നെ ‘ഉണ്ണിക്കണ്ണാവാവാ....’ പാടി. ശ്രീവൽസൻ മേനോൻ ഈണിമിട്ട മദേഴ്‌സ് ലാപ്‌ടോപ്പിലെ ‘ജലശയ്യ...’ എന്നു തുടങ്ങുന്ന ഗാനത്തിൽ വലിയ പ്രതീക്ഷയുണ്ട്. എന്റെ വോയ്‌സിനെ ഓർക്കസ്‌ട്ര തഴുകുന്ന അനുഭൂതിയാണിതിൽ. പുതിയ ഗാനങ്ങളിൽ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ജലശയ്യ തന്നു. ഫാസ്‌റ്റ് ഗാനങ്ങളാണ് ട്രെൻഡ് എന്ന് ചിലർ മുദ്രകുത്തുകയാണ്. എന്നാൽ ജനങ്ങൾക്ക് അതിലൊന്നും താൽപര്യമില്ല എന്നതാണു യാഥാർഥ്യം.’’
മകൻ രാജീവ്‌മേനോന്റെ സിനിമയിൽപ്പോലും ഒരു പാട്ട് ചോദിച്ചിട്ടില്ല ഈ അമ്മ. പക്ഷേ മകൻ അമ്മയെ തന്റെ സിനിമയിൽ അഭിനയിപ്പിച്ചു. ഐശ്വര്യാറായ് നായികയായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ ഒരു ചെറിയ സീനിൽ സംഗീതാധ്യാപികയായി കല്യാണിമേനോൻ പാടുന്നുണ്ട്. കച്ചേരിക്കുപോകുന്ന കാര്യം പറയുമ്പോൾ ഏതു കീർത്തനമാണു പാടുന്നതെന്നൊക്കെ കൃത്യമായി ചോദിക്കാറുണ്ടായിരുന്നു ഐശ്വര്യ. മണിരത്നത്തിന്റെ ഗുരുവിന്റെ ലൊക്കേഷനിൽ വച്ചാണു തന്റെ വിവാഹത്തിനു മംഗളഗാനം പാടാൻ ചേച്ചി നിർബന്ധമായും വരണമെന്ന് ഐശ്വര്യ പറയുന്നത്. കല്യാണിമേനോൻ അതത്ര കാര്യമാക്കിയില്ല. കല്യാണത്തിനു തലേന്ന് മുംബൈയിൽനിന്നു രാജീവ് വിളിച്ചുപറഞ്ഞു. അമ്മ ഇന്നു വൈകിട്ടുതന്നെ നാഗസ്വരക്കാരനുമായി എത്തണമെന്ന്. എനിക്കാകെ ടെൻഷനായി. ഉടൻതന്നെ അടുത്തുള്ള ക്ഷേത്രത്തിലെ നാഗസ്വരക്കാരനെ ഇടപാടാക്കി. കല്യാണവേദിക്കരുകിൽ നിന്നു നോക്കുമ്പോൾ ടാറ്റയും അംബാനിമാരുമെല്ലാം നിരന്ന വിവിഐപി നിര... സീതാകല്യാണ വൈഭോഗമേ... എന്ന ശ്ലോകമാണു ചൊല്ലിയത്. അതിന്റെ പേരിൽ എനിക്ക് കഴിഞ്ഞ മുപ്പത്തഞ്ചുവർഷം ലഭിക്കാത്ത മീഡിയ പബ്ലിസിറ്റി കിട്ടി. റയിൽവേയിൽ ഉന്നത ഉദ്യോഗസ്‌ഥനായ കരുൺമേനോനാണു കല്യാണിമേനോന്റെ രണ്ടാമത്തെ മകൻ.
ദുഃഖങ്ങൾ: 1978 ജൂണിലായിരുന്നു ഭർത്താവിന്റെ മരണം. സ്‌നേഹിച്ചു തീരാത്ത പതിനേഴുവർഷത്തെ ദാമ്പത്യം. മദ്രാസിൽ ഞങ്ങൾക്കൊപ്പം താമസിക്കാൻ ഏറെ ആശിച്ചിരുന്നു. ഫെബ്രുവരിയിലാണ് ട്രാൻസ്‌ഫർ ലഭിച്ചത്. ശിവസ്‌തുതി റെക്കോർഡ് ചെയ്‌ത ദിവസമായിരുന്നു മരണം. പെട്ടെന്നായിരുന്നു നെഞ്ചുവേദന. എന്റെ മടിയിൽക്കിടന്നാണു മരിച്ചത്. രണ്ടു കൊച്ചുകുട്ടികളെ തനിച്ചാക്കി ഞാൻ പകച്ചുപോയ നിമിഷം. മരിക്കുന്നതിനു മുമ്പും എന്നോടു പറഞ്ഞു - മടിച്ചിരിക്കരുത്. പാടാൻ പോകണം.
. ഒരു ഗായികയെന്ന നിലയിൽ മലയാളം ഒരിക്കലും അംഗീകാരം തന്നില്ല. ഇടയ്‌ക്കിടെ ചില പാട്ടിന്റെ തുണ്ടുകൾ മാത്രമാണ് ലഭിച്ചത്. ഒരു നല്ല പാട്ടുപാടിയാൽ പലപ്പോഴും നാലും അഞ്ചും വർഷങ്ങൾ കഴിഞ്ഞാണ് അടുത്ത പാട്ട് ലഭിച്ചത്. എങ്കിലും ആ ഒരു തുണ്ടുപാട്ടിൽ ഞാൻ ചിലപ്പോഴെങ്കിലും തിരിച്ചറിയപ്പെടുന്നു.
കല്യാണിമേനോന്റെ ഹിറ്റുകൾ
ഋതുഭേദകല്‌പന ചാരുത നൽകിയ (മംഗളം നേരുന്നു)
പവനരച്ചെഴുതുന്നു കോലങ്ങളെന്നും (വിയറ്റ്‌നാം കോളനി)
ഇന്നോളം കാണാത്ത മുഖപ്രസാദം (കുടുംബം നമുക്കു ശ്രീകോവിൽ)
യേ... രാജാവേ... ഞാൻ വന്നല്ലോ (പ്രേമാഭിഷേകം)
ഉണ്ണിക്കണ്ണാ വായോ... (കാക്കക്കുയിൽ )
കണ്ണീരിൻ മഴയത്തും... (ദ്വീപ് )
അച്‌ഛൻ സുന്ദരസൂര്യൻ... (സ്വരങ്ങൾ സ്വപ്‌നങ്ങൾ)