ADVERTISEMENT

താരാട്ടുപാട്ടുകളുടെ ആരീരംമൂളക്കവുമായി കാതിലെന്നുമുള്ള ഒരുപിടി നല്ലയീണങ്ങളിൽ കല്യാണി മേനോന്റെ ആ താരാട്ടുമുണ്ട്. ഏതോ കുഞ്ഞിളംസ്വപ്നത്തിന്റെ ജലശയ്യയിൽ നമ്മെ പാടിയുറക്കിയും ഉണ്മയിലേക്കും ഉണർവിലേക്കും മാടിവിളിച്ചുണർത്തിയും ഒപ്പമുള്ള മധുരഗാനം. മലയാളി ഓർമക്കാതോരം ഓമനിച്ചുസൂക്ഷിക്കുന്ന നന്മപ്പാട്ട്. ചുണ്ടോടു മുത്തിയാൽ പാൽ മണക്കുന്ന ഉമ്മപ്പാട്ട്. നെഞ്ചോടു ചേർത്താൽ നൊമ്പരം ഇടറുന്ന അമ്മപ്പാട്ട്. അലിവിന്റെയും ആർദ്രതയുടെയും അമ്മിഞ്ഞപ്പാട്ട്. ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ നെടുവീർപ്പു പോലുമാ സുസ്മിതം നിദ്രയെ തൊടല്ലേ ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ..... ഈ പാട്ടും കേട്ട്, പാട്ടുപാടിയ അമ്മയോടു സംസാരിച്ചാലോ?

 

പാട്ടിലെഴുതിയ ആത്മകഥ

 

സ്റ്റുഡിയോയിൽനിന്നു സ്റ്റുഡിയോയിലേക്കു മാറി മാറി റിക്കോർഡിങ്ങിനു തിരക്കിട്ടു പാഞ്ഞ ഒരു പാട്ടുകാലം ഈ ഗായികയുടെ ഓർമകളിലൊരിക്കലുമില്ല. വളരെ കുറച്ചു പാട്ടുകൾ. അരനൂറ്റാണ്ടോടടുക്കുന്ന പാട്ടുജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ കല്യാണി മേനോൻ എന്ന ഗായിക പാടിക്കേട്ട പാട്ടുകൾതന്നെ വളരെ ചുരുക്കം. കാരയ്‌ക്കാട്ട് കുടുംബാംഗവും എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുമായിരുന്ന രാജമ്മയുടെയും ബാലകൃഷ്ണ മേനോന്റെയും മകളായി പിറന്ന കല്യാണിക്ക് കുട്ടിക്കാലത്ത് നൃത്തത്തോടായിരുന്നു കൗതുകം. അമ്മയുടെ പുടവ വാരിച്ചുറ്റി കണ്ണാടിനോക്കി കൈമുദ്രകൾ കാണിച്ചു ചുവടുവച്ച പെൺകുട്ടിക്കാലം. നൃത്തം വേണ്ടെന്നുവച്ച് മകളെ സംഗീതം അഭ്യസിപ്പിക്കാൻ വേണ്ടി ടിഡിഎം ഹാളിൽ കൊണ്ടുചെന്നാക്കുന്നത് അമ്മയാണ്. യേശുദാസുമുണ്ടായിരുന്നു അന്നവിടെ സംഗീത വിദ്യാർഥിയായി.

 

കൗമാരത്തിലേക്കു മുതിർന്നപ്പോഴും ദാവണിത്തുമ്പിൽ പാട്ടിന്റെ പട്ടുനൂൽ കൊരുത്തിടാൻ മറന്നില്ല കല്യാണി. എറണാകുളം മഹാരാജാസിലെ പഠനകാലത്ത് കലാലയത്തിലെ ഇടനാഴികളിലും ആളൊഴിഞ്ഞ ക്ലാസ് മുറികളിലും കല്യാണിയുടെ മൂളിപ്പാട്ടുകൾക്കു കാതോർക്കാൻ പുതിയ പുതിയ കൂട്ടുകാർ വന്നുകൊണ്ടേയിരുന്നു. യുവജനോത്സവത്തിലെ പാട്ടുമൽസരത്തിൽ ലഭിച്ച ഒന്നാം സ്ഥാനം കല്യാണിയെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്റെ മുന്നിൽ പാട്ടുപാടാനുള്ള ക്ഷണവുമായി ഡൽഹിയിലെത്തിച്ചു.

 

ഡൽഹിപ്പരിപാടി കഴിഞ്ഞ് മഹാരാജാസിൽ തിരിച്ചെത്തിയപ്പോഴേക്കും കല്യാണി കലാലയത്തിലെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരിയുടെ വിലാസം പതിച്ചുവാങ്ങിക്കഴിഞ്ഞിരുന്നു. സംഗീതം തന്നെയാണു ജീവിതമെന്നു കല്യാണി നിശ്ചയിച്ചുറപ്പിക്കുന്നതും അക്കാലത്തായിരുന്നു. ടിഡിഎം ഹാളിൽ നവരാത്രി സംഗീതോത്സവം ആസ്വദിക്കാനെത്തിയ ബോംബെയിൽ നിന്നുള്ള നേവി ഓഫിസർ കെ.കെ.മേനോൻ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനു നിമിത്തമായതും ആ വേദിയിൽ കല്യാണി അവതരിപ്പിച്ച മധുരസംഗീതം തന്നെ.

 

ഭാര്യ ഗായികയാണെന്നതിൽ അഭിമാനിച്ചിരുന്നു മേനോൻ. വിവാഹശേഷം ബോംബെ ഷൺമുഖാനന്ദ ഹാളിൽ യേശുദാസിനൊപ്പം പാടാൻ അവസരം ലഭിച്ചതും കല്യാണിയുടെ പ്രിയപ്പെട്ട പാട്ടോർമകളിൽ ഒന്നാണ്. സിനിമയിൽ പാടാനുള്ള അവസരവുമായി മദ്രാസിൽനിന്നൊരു ക്ഷണം വന്നപ്പോൾ കല്യാണിയോടു ചോദിക്കുക പോലും ചെയ്യാതെ മേനോൻ യെസ് മൂളുകയായിരുന്നുവെന്ന് ഇന്നും കല്യാണി മേനോൻ ഓർമിക്കുന്നു. ജീവിതം മദ്രാസിലേക്കും സിനിമയിലേക്കും പാട്ടുലോകത്തേക്കും പറിച്ചുനടുകയായിരുന്നു അതോടെ.

 

മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ തുടക്കക്കാരിയുടെ പരിഭ്രമത്തോടെ പകച്ചുനിന്നപ്പോൾ ദക്ഷിണാമൂർത്തിയാണ് അകത്തേക്കു വിളിച്ചുകൊണ്ടുപോയത്. നാൽപതോളം ഓർക്കസ്ട്രക്കാർ അണിനിരന്ന സ്റ്റുഡിയോയിൽ പി. സുശീലയുടെ പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടു. പാടിത്തീർന്നതും മറ്റൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം കല്യാണിയെ പുതിയ ടാൻ ഏൽപ്പിക്കുകയായിരുന്നു. അബല എന്ന സിനിമയിലെ ‘എന്നിനിദർശനം ...’ എന്നു തുടങ്ങുന്ന ഭക്‌തിനിർഭരമായ ഈണം. കണ്ണു കാണാത്ത ഒരു പെൺകുട്ടി പാടുന്ന പാട്ട്.

 

എട്ടു രാഗങ്ങളിലായാണ് പാട്ട് ചിട്ടപ്പെടുത്തിയത്. തുടക്കക്കാരിക്കു കിട്ടാവുന്ന അതിസങ്കീർണമായ പാട്ട്. അന്ന് റിക്കോർഡിങ് സ്റ്റുഡിയോയിൽ ഒപ്പമുണ്ടായിരുന്നത് ആർ.കെ. ശേഖർ ആയിരുന്നുവെന്ന് പിന്നീടാണ് കല്യാണി അറിയുന്നത്. (അച്ഛനു പ്രിയപ്പെട്ട ഗായികയായിരുന്നതുകൊണ്ടാകാം പിന്നീടു പലപ്പോഴും എ.ആർ. റഹ്മാൻ ജിംഗിളുകൾ ചെയ്തപ്പോൾ കല്യാണി മേനോന്റെ സ്വരമാണ് തിരഞ്ഞെടുത്തത്.) ആ ചിത്രം പുറത്തിറങ്ങാതെ പോയതോടെ ആ പാട്ടും പാട്ടുകാരിയും ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. പക്ഷേ കല്യാണിക്കു മുന്നിൽ വീണ്ടും ചലച്ചിത്രലോകം പാട്ടൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.

 

 

കണ്ണീരിൻ മഴയത്ത് നെടുവീർപ്പിൻ കാറ്റത്ത്

 

ബോംബെയിലെ ഫേമസ് സിനിലാബിൽ ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ ദ്വീപ് എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘കണ്ണീരിൻമഴയത്ത് നെടുവീർപ്പിൻ കാറ്റത്ത് കരളേ ഞാൻ നിന്നെയും കാത്തിരിക്കും..’ എന്ന വിഷാദരാഗം കല്യാണി എന്ന ഗായികയെ ആഴത്തിൽ അയാളപ്പെടുത്തിയ ഗാനമായിരുന്നു. തമിഴിൽ എം.എസ്. വിശ്വനാഥൻ സംഗീതം നിർവഹിച്ച ‘നീ വരുവായെനെന്ത് നാൻ ഇരുന്തേൻ..’ എന്ന ഗാനം കല്യാണിക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. 

 

ഇന്നും ആ ഗാനത്തോടുള്ള പ്രിയം പറഞ്ഞ് ആരാധകർ തനിക്ക് കത്തുകൾ അയയ്ക്കാറുണ്ടെന്നു പറയുമ്പോൾ ഗായികയുടെ പാട്ടൊഴിയാച്ചുണ്ടിൽ കല്യാണിരാഗത്തിലൊരു മധുരസ്മിതം. മലയാള ചലച്ചിത്രലോകത്ത് വിരുന്നുവന്നും പൊയ്ക്കൊണ്ടുമിരുന്ന സ്വരമായിരുന്നു കല്യാണിയുടേത്. ‘വിയറ്റ്‌നാം കോളനി’യിൽ എസ്. ബാലകൃഷ്‌ണന്റെ സംഗീതസംവിധാനത്തിൽ ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും...’ എന്ന ഗാനം കല്യാണിക്ക് വീണ്ടുമൊരു ബ്രേക്ക് നൽകി. കാക്കക്കുയിൽ എന്ന ചിത്രത്തിൽ കവിയൂർ പൊന്നമ്മയ്ക്കു സ്വരം നൽകി പാടിയ ‘ഉണ്ണിക്കണ്ണാ വായോ..’ എന്ന ഗാനം എത്രയോപേരുടെ അമ്മത്താരാട്ടായി ഇന്നും മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

 

മലയാളത്തിൽ ദേവരാജൻ, രാഘവൻ മാസ്‌റ്റർ, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, ദിവാകരൻ, എം.ബി. ശ്രീനിവാസൻ, എം.കെ. അർജുനൻ, ജോൺസൺ, ഔസേപ്പച്ചൻ, ജയചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവരുടെ ഈണത്തിൽ പാട്ടുകൾ പാടി. തമിഴിൽ എ.ആർ. റഹ്‌മാന്റെയും ഇളയരാജയുടെയും ഈണങ്ങൾക്കാണ് അധികവും പാടിയത്. ഭക്തിഗാനങ്ങളുടെ കണക്കെടുത്താൽ 150ൽ ഏറെയുണ്ടാകും. ‘തച്ചോളി മരുമകൻ ചന്തു’ എന്ന ചിത്രത്തിൽ പി. ഭാസ്‌കരൻ എഴുതി ദക്ഷിണാമൂർത്തി ഈണം പകർന്ന ‘ഇല്ലം നിറ വല്ലം നിറ’, ‘സുജാത’യിലെ ‘‘നീ വരുവായ്....’’  മകം പിറന്ന മങ്ക എന്ന ചിത്രത്തിലെ ‘നിത്യകന്യകേ കാർത്തികേ’ എന്നിവയുൾപ്പെടെ നൂറോളം ഗാനങ്ങൾക്കു ശബ്ദം നൽകിയിട്ടും ഇന്നും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയതിന്റ സങ്കടം കല്യാണി മേനോനുണ്ട്. മകനും പ്രശസ്ത സംവിധായകനുമായ  രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ’എന്ന ചിത്രത്തിൽ ഐശ്വര്യറായിയുടെ സംഗീതാധ്യാപികയായി ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്കും കടന്നുവന്നെങ്കിലും ഈ അമ്മയ്ക്ക് എന്നും പ്രിയപ്പെട്ടത് സംഗീതം തന്നെ. 

 

ഐശ്വര്യയുടെ വിവാഹവേദിയിൽ ടാറ്റ, അംബാനി ഉൾപ്പെടെയുള്ള പ്രമുഖരെ സാക്ഷിനിർത്തി ‘സീതാകല്യാണ വൈഭോഗമേ...’എന്ന മംഗളഗാനം പാടിയതും കല്യാണിക്ക് മറക്കാനാകില്ല. പതിനേഴുവർഷത്തെ പ്രണയനിർഭരമായ ദാമ്പത്യത്തിനൊടുവിൽ 1978 ജൂണിൽ രണ്ടു പിഞ്ചുമക്കളെയും തന്നെയും തനിച്ചാക്കി മേനോൻ വിടപറഞ്ഞുപോയപ്പോൾ  തുടർന്നു ജീവിക്കാനുള്ള കരുത്തും കരുതലുമായത് മേനോൻ മരണസമയത്ത് മടിയിൽ കിടന്നു പറഞ്ഞ വാക്കുകളായിരുന്നു. ‘മടിച്ചിരിക്കരുത്. പാടാൻ പോകണം’.

 

ചെന്നൈയിലെ ഫ്ലാറ്റിൽ പോക്കുവെയിൽ പൊന്നുരുക്കി വീഴുന്ന ഇടനാഴിയോരം ജനലഴിയിൽ മുഖം ചേർത്ത് ഇന്നും കല്യാണി കാത്തിരിക്കുന്നു. ഇല്ല, ഇനിയുമവിടെ സായാഹ്നത്തിന്റെ സങ്കടനിഴൽ ഇടറിവീഴാറായില്ല, പറത്തിവിട്ട സ്വരമയൂരങ്ങൾ ചേക്കേറിയെത്താറുമായില്ല. കല്യാണിരാഗത്തിലൊരു സുന്ദരസ്വരസ്വപ്നം കണ്ട് ഇന്നും ഈ ഗായിക അവിടെ മൂളിപ്പാടിക്കൊണ്ടേയിരിക്കുന്നു. തലമുറകളെ പാടിയുറക്കിയ താരാട്ടിന്റെ പാൽമധുരം കിനിഞ്ഞ്, അവിടെ ചുറ്റിനിൽക്കുന്ന മൗനത്തിൽപോലും ഇന്നും അമ്മത്തം തുളുമ്പുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com