‘കണ്ണടച്ചാലും കൺമുന്നിൽ’; ഗായിക കല്യാണി മേനോനെ അനുസ്മരിച്ച് സുജാത
Mail This Article
പ്രസാദാത്മകമായ മുഖം. അതിലും പ്രസാദാത്മകമായ പാട്ടുകൾ. കല്യാണിച്ചേച്ചി ഓർമകളിൽ നിന്ന് ഒരിക്കലും പടിയിറങ്ങിപ്പോകില്ല. ചെന്നൈയിൽ ഞങ്ങൾ കുറച്ചു കുടുംബങ്ങൾ എപ്പോഴും ആഘോഷങ്ങളിൽ ഒന്നിച്ചുചേരുമായിരുന്നു. ദാസേട്ടൻ വന്നാൽ പിന്നെ അതിനൊരു മുടക്കവുമില്ല. ചിലപ്പോൾ കല്യാണങ്ങൾ, കച്ചേരികൾ... അതു കഴിഞ്ഞുള്ള ഡിന്നറുകൾ... അതിലെല്ലാം ചേച്ചി സജീവമായി പങ്കെടുക്കുമായിരുന്നു. പാട്ടുകാരി എന്നതിനപ്പുറം ജ്ഞാനസ്ഥയായിരുന്നു കല്യാണിമേനോൻ എന്ന ഗായിക. നല്ല അറിവ്, നല്ല ഓർമ. പ്രായം ചേച്ചിയെ അൽപം പോലും തൊട്ടിരുന്നില്ല.
എപ്പോഴും ചിരിച്ച്, നല്ല സാരിയും പൊട്ടും വളകളുമെല്ലാമിഷ്ടപ്പെട്ട്, എന്നും യുവതിയായിരുന്നു ചേച്ചി. ഞങ്ങൾ ഒരുമിച്ചാണ് ഏഷ്യാനെറ്റിന്റെ ടൈറ്റിൽ സോങ് ‘ശ്യാമസുന്ദര കേര കേദാര ഭൂമി’ പാടിയത്. എ.ആർ. റഹ്മാനായിരുന്നു സംഗീതം. മകൻ രാജീവ്മേനോനുമായി അടുത്ത സൗഹൃദമുള്ള റഹ്മാന് ചേച്ചി അമ്മയെപ്പോലെയായിരുന്നു. മലയാളത്തിലെ ചില വാക്കുകളിൽ, ചില കീർത്തനങ്ങളിൽ ഒക്കെ എന്തെങ്കിലും സംശയം തോന്നിയാൽ റഹ്മാന്റെ റഫറൻസ് ബുക്ക് ചേച്ചിയായിരുന്നു. മുംബൈയിൽ താമസിക്കുമ്പോൾ ഷൺമുഖാനന്ദ ഹാളിൽ ദാസേട്ടനൊപ്പം പാടുന്നതു കേട്ടിട്ടാണു സിനിമയിലേക്കു ക്ഷണം വന്നത്. അങ്ങനെ ആ കുടുംബം പാട്ടിനുവേണ്ടി ചെന്നൈയിലേക്ക് കൂടുമാറി. മക്കളെ കലാകാരൻമാരാക്കി വളർത്തി. ചേച്ചിയുടെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് വിടവാങ്ങി. എങ്കിലും മക്കൾക്ക് ഒരു കുറവും വരുത്താതെ വളർത്തി. അവരുടെ വിദ്യാഭ്യാസത്തിലും കലായാത്രയിലും എല്ലാ പിന്തുണയുമായി കൈപിടിച്ചു നടന്നു. കണ്ണടച്ചാലും ആ മുഖശ്രീ കണ്ണിൽ നിറയുന്നു. പ്രണാമം.
കല്യാണി മേനോന് കൂടുതൽ അവസരങ്ങൾ നൽകിയതു തമിഴ് സിനിമയാണ്. ഇളയരാജയുടെ ‘സൊവാനമേ പൊൻമേഘമേ’യെന്ന പാട്ടിലൂടെ തമിഴിൽ അരങ്ങേറി. നീ വരുവായ് എന നാൻ ഇരുന്തേൻ (സുജാത), ഇന്ദിരയോ ഇവൾ സുന്ദരിയോ (കാതലൻ), അലൈപായുതേ കണ്ണാ (അലൈപായുതേ), ഓമനപ്പെണ്ണേ (വിണ്ണൈ താണ്ടി വരുവായാ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ നൂറോളം ചിത്രങ്ങളിലായി അവർ പാടി. എ.ആർ. റഹ്മാന്റെ ആൽബങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു.