‘കടുത്ത നിരാശകളെയും സൗഭാഗ്യങ്ങളെയും പുഞ്ചിരിയോടെ നേരിട്ടയാൾ’; കൈതപ്രത്തെക്കുറിച്ച് ജി.വേണുഗോപാൽ
Mail This Article
ഇന്നലെ 71ാം ജന്മദിനം ആഘോഷിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ച് സമൂഹമാധ്യമ കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. എന്നും എപ്പോഴും ആർദ്രതയുടെയും വാത്സല്യാതിരേകത്തിന്റെയും വറ്റാത്തൊരു ഉറവ ഉള്ളിൽ സൂക്ഷിക്കുന്നയാളാണ് കൈതപ്രം എന്നും എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ സംഭാഷണവും പെരുമാറ്റവും ഒരുപോലെയാണെന്നും വേണുഗോപാൽ കുറിച്ചു. വർഷങ്ങൾക്കു മുൻപ് കൈതപ്രത്തിന്റെ സംഗീതജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ ഗായിക മഞ്ജു മേനോനൊപ്പം താൻ വേദിയിൽ പാടിയതിന്റെ വിഡിയോ വേണുഗോപാൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
‘ഇന്നലെ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ജന്മദിനമായിരുന്നു. എത്രയെത്ര മനോഹരഗാനങ്ങൾ, അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവ, എന്റെ നാദത്തിലൂടെ പുറത്തു വന്നിരിക്കുന്നു. എത്രയെത്ര പാട്ടുകൾ ഒരു സുഗമസംഗീത കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി മാറിയിരിക്കുന്നു. ഏതോ വാർമുകിലിൽ, ആടെടീ ആടാടെടീ, ഇനി റിലീസ് ആകാനുള്ള "പ്ലാവില" എന്ന പുതിയ ചിത്രത്തിലെ ഒരു ആർദ്ര ഗാനം, ഇവയെല്ലാം ഒരു അഛന്റെയും അമ്മയുടെയും വാത്സല്യം കൂടിച്ചേരുമ്പോൾ മാത്രം ഉത്ഭവിക്കുന്ന ഗാന സങ്കൽപ്പങ്ങളാണ്. എന്റെ ഒട്ടേറെ ഗാനങ്ങൾക്ക് ആൺകിളിയുടെ താരാട്ട് ഭംഗിയുടെ ശിൽപ്പ ചാരുത ചാർത്തിത്തന്ന കവിയാണ് കൈത്രപ്രം തിരുമേനി.
ആർദ്രതയുടെയും വാത്സല്യാതിരേകത്തിന്റെയും വറ്റാത്തൊരു ഉറവ കൈതപ്രം എന്നും ഉള്ളിൽ സൂക്ഷിച്ച് പോന്നു. തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി ക്ഷേത്രത്തിലെ ശാന്തിയായിരിക്കുമ്പോഴും, ഏറ്റവും തിരക്ക് പിടിച്ച ഗാന സൃഷ്ടാവായിരിക്കുമ്പോഴും തിരുമേനിയുടെ പെരുമാറ്റവും സംഭാഷണവും വ്യക്തിത്വവും എന്നും ഒരു പോലെയായിരുന്നു. ജീവിതത്തിലെ കടുത്ത നിരാശകളും സൗഭാഗ്യങ്ങളും അദ്ദേഹം ഒരു പുഞ്ചിരിയോടെ നേരിട്ടു, സ്വീകരിച്ചു. "എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്" എന്നും, "നിന്നിളം ചുണ്ടിൽ അണയും പൊന്നിളം കുഴലിൽ, ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ" എന്നും സർവ്വ മലയാളികളും ഏറ്റു പാടിയത് ആ വരികളിൽ തുടിക്കുന്ന സ്നേഹവും വാത്സല്യവും ആവോളം നുകർന്നു കൊണ്ടാണ്’, വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.