താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫ്രണ്ട് ചെയ്ത് പോകണം: ഹരീഷ്; പിന്തുണച്ച് സിത്താര
Mail This Article
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ആധിപത്യമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ലോകരാഷ്ട്രങ്ങൾ ആശങ്കയോടെ കാണുന്ന താലിബാൻ മേധാവിത്വത്തിനെതിരെ പ്രമുഖരുൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പല പ്രമുഖരും പരസ്യ പ്രതിഷേധവുമറിയിച്ചു. ഇപ്പോൾ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ചർച്ചയായിരിക്കുകയാണ്.
'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്കു പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്ത് പോകണം. അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും', ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.
ഗായകന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് ഹരീഷ് ശിവരാമകൃഷ്ണനെ അനുകൂലിച്ചു രംഗത്തെത്തിയത്. ഗായിക സിത്താര കൃഷ്ണകുമാറും ഹരീഷിനെ പിന്തുണച്ചു.