വയസ്സ് പതിനാല്! ഈണമിട്ടത് അഞ്ച് പാട്ടുകൾക്ക്; ഇത് ആനന്ദിന്റെ പാട്ടുവഴി
Mail This Article
സംഗീതസംവിധാനത്തിൽ മികവ് തെളിയിച്ച് പതിനാലുകാരൻ പി. ആനന്ദ് ഭൈരവ് ശര്‍മ്മ. ഈ കൗമാരക്കാരന്റെ ഈണത്തിൽ വിരിഞ്ഞ് അഞ്ച് മനോഹരഗാനങ്ങളാണ് ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയത്. ‘ഓണപ്പാട്ടുകള്‍ 2021’ എന്ന പേരിൽ പുറത്തിറക്കിയ ആല്‍ബത്തിനു വേണ്ടി പിന്നണിഗായകരായ കാവാലം ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, സരിത രാജീവ്, സ്വരസാഗര്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ആനന്ദ് ഭൈരവ് ശര്‍മ്മയുടെ ഈണത്തിൽ പിറന്ന പാട്ടുകൾക്ക് ശ്രീകാന്ത് എം. ഗിരിനാഥ് ആണ് വരികൾ കുറിച്ചത്. മലയാളികള്‍ക്കു നിരവധി ഓണപ്പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കു വേണ്ടിയാണ് തന്റെ ഈ രചന എന്ന് ശ്രീകാന്ത് പറയുന്നു.
കൊല്ലം ശ്രീശ്രീ അക്കാദമിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആനന്ദ് ഭൈരവ് ശര്‍മ്മ. ശാസ്ത്രീയസംഗീതം പഠിക്കുന്നതിനു പുറമേ പതിനൊന്ന് സംഗീതോപകരണങ്ങള്‍ അഭ്യസിക്കുന്നുമുണ്ട് ഈ കൗമാരക്കാരൻ. മൃദംഗവിദ്വാന്‍ മുഖത്തല എന്‍. പ്രവീണ്‍ ശര്‍മയുടെയും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യയായ സോപാന സംഗീതജ്ഞ ആശയുടെയും മകനാണ് ആനന്ദ്. മാതാപിതാക്കളില്‍ നിന്നും സംഗീതം അഭ്യസിച്ചുതുടങ്ങിയ ആനന്ദിന് വയലിനില്‍ വിദ്വാന്‍ ശശികുമാര്‍ ആണ് ഗുരു.
ആനന്ദ് ഭൈരവ് ശര്‍മ്മയുടെ ഈണത്തിൽ പിറന്ന ഓണപ്പാട്ടുകൾ ഇതിനോടകം ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. വാഗധീശ്വരീ രാഗത്തില്‍ ആനന്ദ് ചിട്ടപ്പെടുത്തിയ വിഘ്നേശ്വരാ വൃദ്ധികാരണാ എന്നു തുടങ്ങുന്ന ഗണപതിസ്തുതി കാവാലം ശ്രീകുമാര്‍ ആണ് ആലപിച്ചിരിക്കുന്നത്.
മധു ബാലകൃഷ്ണന്‍ ആലപിച്ച ‘ഉത്രാടപ്പുലരിയില്‍’ എന്ന ഗാനം കമാസ് രാഗത്തിലും സ്വരസാഗര്‍ ആലപിച്ച ‘തൊടിയെല്ലാം വാടികളായി’ എന്ന ഗാനം ഹംസധ്വനി രാഗത്തിലുമാണ് ചിട്ടപ്പെടുത്തിയത്. ഹരികാംബോജി രാഗത്തില്‍ തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്, ഓണം വന്നേ പൊന്നോണം വന്നേ എന്നീ രണ്ട് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് കാവാലം ശ്രീകുമാറും സരിത രാജീവും സ്വരമായി.