ADVERTISEMENT

ഗായകൻ ശ്രീനിവാസ് ഇനി സംഗീതസംവിധായകൻ; പാടുന്നത് ശ്രീനിവാസിന്റെ മകൾ ശരണ്യ. പാട്ടുപിറന്നത്  ക്ലബ് ഹൗസിലെ സംഗീതകൂട്ടായ്മയിൽ. ശ്രീനിവാസിന്റെ  സംഗീതത്തിൽ  ശ്രീനിവാസും ശരണ്യയും പാടിയ ‘ദൂരെയേതോ’ യൂട്യൂബിലൂടെ പുറത്തിറങ്ങി.

ക്ലബ്ഹൗസിൽ സംഗീത പ്രേമികൾ ഒത്തു കൂടുന്ന ‘പാതിരാപ്പാട്ടുകൾ’ ഗ്രൂപ്പിലൂടെ നടി മാല പാർവതിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘കാണാതെ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഇത് കേൾക്കാനിടയായ ഗായകൻ ശ്രീനിവാസ്, ഇവർക്കൊപ്പം മറ്റൊരു പാട്ട് ചിട്ടപ്പെടുത്താൻ താൽപര്യം കാണിക്കുകയായിരുന്നു. അദ്ദേഹം സ്വതന്ത്രമായി സംഗീത സംവിധാനം നിർവഹിച്ച പാട്ടിൽ ആദ്യമായാണ് മകളോടൊപ്പം ഒരുമിച്ച് ആലപിക്കുന്നത്.

 

സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സിഇഒയും എറണാകുളം സ്വദേശിനിയുമായ ഷിൻസി നോബിളാണ് ഗാനത്തിന്റെ രചന. പത്തനംതിട്ട സ്വദേശി സജീവ് സ്റ്റാൻലിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. സുർജാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മ്യൂസിക്ക് 24x7 ആണ് ഗാനം പുറത്തിറക്കുന്നത്. ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ, സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, ജ്യോത്സ്ന, സിദ്ധാർഥ് മേനോൻ, രാഹുൽ രാജ്, സയനോര, രഞ്ജിനി ജോസ്, ഹരി ശങ്കർ, ആര്യ ദയാൽ, ശ്രീകാന്ത് ഹരിഹരൻ, എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയ വഴി ഗാനം ഷെയർ ചെയ്തത്.

 

∙ പാട്ട് പിറന്ന ക്ലബ് ഹൗസിലെ മുറി

 

ലോക്ഡൗൺ കാലത്ത് ഏവരുടെയും ആശ്വാസമായിരുന്നു ക്ലബ് ഹൗസ്. സംഗീതത്തെ സ്നേഹിക്കുന്നവർക്കായി പാതിരാപ്പാട്ട് എന്ന റൂമും ശ്രദ്ധയാകർഷിച്ചു. 7000ത്തിലധികം പേരാണ് ഫോളോവേഴ്സ്. പലരും പാട്ടുകൾ പാടും. ഇതിനിടെ ഷിൻസി ഒരു പാട്ടെഴുതാമെന്നു പറഞ്ഞു. എന്നാൽ അതിനു താൻ സംഗീതം നൽകുമെന്നു സജീവ് സ്റ്റാൻലിയും അറിയിച്ചു. ഇങ്ങനെ പുറത്തിറങ്ങിയ ‘കാണാതെ’ റിലീസ് ചെയ്യാൻ പാതിരാപ്പാട്ട് റൂമിൽ ഗായകൻ ശ്രീനിവാസ് എത്തി. ജൂലൈ 24നായിരുന്നു കാണാതെ റിലീസ് ചെയ്തത്. ഈ ഗാനം കേട്ട ശേഷമാണ് ശ്രീനിവാസ് തനിക്കായി ഒരു ഗാനം തയാറാക്കാൻ ആവശ്യപ്പെട്ടത്. 

ശ്രീനിവാസ് ഒരു മണിക്കൂറിനുള്ളിൽ പുതിയൊരു ഗാനത്തിനുവേണ്ടിയുള്ള സംഗീതം ചെയ്ത് ഷിൻസിക്കും സജീവിനും അയച്ചു കൊടുത്തു. ആ സംഗീതത്തിന് ഷിൻസി വരികളെഴുതുകയും സജീവ് ഓർക്കസ്‌ട്രേഷൻ നിർവഹിക്കുകയും ചെയ്തു. ശ്രീനിവാസും മകളും കൊച്ചിയിലെത്തിയാണ് ഗാനം റിക്കോർഡ് ചെയ്തത്. ‘അമ്മമരത്തണലിൽ’ എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനം ഷിൻസി എഴുതിയിരുന്നു. ‘ബേബി സാം’ എന്ന ചിത്രത്തിനുവേണ്ടി സജീവാണ് സംഗീതം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com