പാൽനിലാവുമായ് ‘കാണെക്കാണെ’; പാട്ട് ഏറ്റെടുത്ത് ആരാധകര്‍
Mail This Article
‘കാണെക്കാണെ’ എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘പാൽനിലാവിൻ’ എന്നു തുടങ്ങുന്ന പാട്ട് ജി.വേണുഗാപാൽ ആണ് ആലപിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ പാടിയ പതിപ്പ് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രേക്ഷകരിക്കരികിൽ എത്തിയിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനമാണിത്.
‘പാൽനിലാവിൻ പൊയ്കയിൽ
വെൺതുഷാരം പെയ്തപോൽ
എന്‍ കിനാവും മഞ്ഞുതൂകും
നിൻമുഖം ഞാൻ കാണെക്കാണെ....’
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്. ജി.വേണുഗോപാലിന്റെ ആലാപനം ആദ്യകേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. സിത്താരയുടെ ആലാപനത്തെ പ്രശംസിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
‘ഉയരെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ മനു അശോകൻ, ബോബി–സഞ്ജയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രമാണ് ‘കാണെക്കാണെ’. ടോവിനോ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.