പാട്ടിന്റെ ആ മൂന്നക്ഷരം പോയ് മറഞ്ഞിട്ട് വർഷം ഒന്ന്! ഓർമകളിൽ എസ്പിബി
Mail This Article
സംഗീതത്തിന്റെ മൂന്നക്ഷത്തിലുള്ള നിർവചനമായിരുന്നു എസ്പിബി. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നൊമ്പരവും താരാട്ടിന്റെ ആർദ്രതയുമെല്ലാം ആലാപനത്തിൽ ആവാഹിച്ച് ശ്രോതാക്കളെ കീഴ്പെടുത്തിയ അപാരപ്രതിഭ. ഇൗ കോവിഡ് കാലത്തുണ്ടായ അനേകം നഷ്ടങ്ങളുടെ പട്ടികയിൽ ഒരിക്കലും, ആർക്കും നികത്താനാകാത്ത നഷ്ടമാണ് എസ്പിബിയുടെ വിയോഗം. കോവിഡ് ബാധിതനായി ആശുപത്രിയിലേക്ക് പോകുമ്പോഴും തിരിച്ചുവരാമെന്നായിരുന്നു അദ്ദേഹം ആരാധകർക്കു നൽകിയ ഉറപ്പ്. ആ ആത്മവിശ്വാസത്തിനു പക്ഷേ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എങ്കിലും എത്രയെത്ര ജന്മങ്ങള്‍ കേട്ടാലും മതിവരാത്ത, എത്ര തലമുറകൾ കഴിഞ്ഞാലും മാഞ്ഞു പോകാത്ത ശുദ്ധ സംഗീതം പകർന്നു നൽകിയതിന്റെ ആത്മനിർവൃതിയോടെയാകണം അത്യുന്നതങ്ങളെല താരാപഥത്തിലേക്ക് അദ്ദേഹം പോയ് മറഞ്ഞത്.
ഗായകൻ, സംഗീതസംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എസ്പിബി 1946 ജൂൺ 4ന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി സമ്പാമൂർത്തിക്ക് മകൻ എൻജിനീയർ ആയി കാണാനായിരുന്നു ആഗ്രഹം. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബാലസുബ്രഹ്മണ്യം പഠിച്ചത്. ഹാർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം.
1966ൽ തന്റെ ഗുരു കോദണ്ഡപാണി സംഗീതം നൽകിയ തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ’യിൽ പാടിക്കൊണ്ടാണ് എസ്പിബി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തെലുങ്കിലെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്രാസിൽ എന്‍ജിനിയറിങ് പഠിക്കാനെത്തിയ എസ്പിബിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനുമായുള്ള പരിചയമാണ്. അവസരം തേടി വിശ്വനാഥന്റെ അടുത്തെത്തിയ ബാലസുബ്രഹ്മണ്യത്തോട് തമിഴ് ഉച്ചാരണശുദ്ധി വരുത്തി വരാൻ സംഗീതസംവിധായകൻ ആവശ്യപ്പെട്ടു. അതിനു ശേഷം ഒരു വർഷം കഴിഞ്ഞ് ഹോട്ടൽ രംഭ എന്ന ചിത്രത്തിൽ എം.എസ് വിശ്വനാഥൻ എസ്പിബിക്ക് അവസരം നൽകി. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല.
തുടർന്ന് ശാന്തിനിലയം എന്ന ചിത്രത്തിൽ പി. സുശീലയൊടൊപ്പമുള്ള ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം പാടിയെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ ആ ഗാനം ബാലസുബ്രഹ്മണ്യത്തിന്റെ ജീവിതത്തിൽ കൊണ്ടുവന്ന ഭാഗ്യമായിരുന്നു എംജിആറിനു വേണ്ടിയുള്ള പാട്ട്. ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം കേട്ട എംജിആർ തന്റെ അടുത്ത ചിത്രത്തിൽ ആ യുവഗായകനെ കൊണ്ട് പാട്ടു പാടിക്കാൻ തീരുമാനിച്ചു. അടിമപ്പെൺ എന്ന ചിത്രത്തിൽ കെ.വി മഹാദേവന്റെ സംഗീതത്തിൽ എംജിആറിന് വേണ്ടി പാടിയ ‘ആയിരം നിലവേ വാ’ എന്ന ഗാനമാണ് ബാലസുബ്രഹ്മണ്യത്തെ തമിഴകത്തെ പ്രിയ ഗായകനാക്കി മാറ്റിയത്.
പിന്നീടങ്ങോട്ട് എസ്പിബിയുടെ കാലഘട്ടമായിരുന്നു. വിവിധ ഭാഷകളിൽ നാൽപതിനായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം പാടി. അതിനിടെ സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡ് ചെയ്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.
സംഗീതം ശാസ്ത്രീയമായി പഠിക്കാതെയാണ് എസ്പിബി ഇൗ രംഗത്ത് വെന്നിക്കൊടി പാറിച്ചത്. ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്പിബി ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും നേടി. കെ. ബാലചന്ദ്രൻ സംവിധാനം ചെയ്ത ‘ഏക് ദൂജേ കേലിയേ‘ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ൽ വീണ്ടും ദേശീയ അവാർഡ് നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങൾ എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കർണ്ണാടക സർക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നാല് തവണയും എസ്പിബിയെ തേടി എത്തി. 2001ൽ രാജ്യം പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു. മരണാനന്തരമാണ് പത്മവിഭൂഷൺ ആ മഹാഗായകനെ തേടിയെത്തിയത്.