ADVERTISEMENT

ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ യോഗത്തിൽ സ്വരം ഇടറി സംഗീതജ്ഞൻ ഇളയരാജ. പ്രിയ കൂട്ടുകാരന്റെ അവസാന നിമിഷങ്ങളെക്കുറിച്ചു സംസാരിച്ച അദ്ദേഹം മരണത്തിനു തൊട്ടുമുൻപ് എസ്പിബി തന്നെ കാണണം എന്ന ആഗ്രഹം പറഞ്ഞിരുന്നതായി ഇളയരാജ വെളിപ്പെടുത്തി. എസ്പിബിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇളയരാജ പ്രിയ കൂട്ടുകാരന്റെ അവസാന നിമിഷങ്ങളെക്കുറിച്ചു മനസ്സ് തുറന്നത്.

 

‘എന്റെ ബാലുവിന്റെ (എസ്.പി.ബാലസുബ്രഹ്മണ്യം) ആരോഗ്യനില മോശമായപ്പോൾ അവനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു തോന്നി. പലരും അക്കാര്യം എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് അവനോട് വേഗം എഴുന്നേറ്റു വാ എന്നു പറഞ്ഞുകൊണ്ട് ഒരു ഹ്രസ്വ വിഡിയോ തയ്യാറാക്കിയത്. ആ വിഡിയോ ബാലു നിറകണ്ണുകളോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ മകൻ എസ്.പി.ചരൺ എന്നോടു പറ‍ഞ്ഞു. തുടർന്ന് ഫോണിലെ എന്റെ ഫോട്ടോ നോക്കി ബാലു അതിൽ ചുംബിച്ചു. അന്ത്യം അടുത്ത നിമിഷങ്ങളിൽ ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചപ്പോൾ രാജയോടു പറ്റുമെങ്കിൽ വരാൻ പറയൂ എന്നാണ് ബാലു ആവശ്യപ്പെട്ടത്’, ഇളയരാജ പറഞ്ഞു നിർത്തി. 

 

ഇളയരാജയുടെ വാക്കുകൾ ഇപ്പോൾ എസ്പിബി ആരാധകരുടെ കണ്ണ് നനയിക്കുകയാണ്. അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമായിരുന്നു എസ്പിബിയും ഇളയരാജയും തമ്മിലുണ്ടായിരുന്നത്. എസ്പിബിയുടെ വിയോഗശേഷം അനുശോചനം അറിയിച്ചുകൊണ്ട് ഇളയരാജ പങ്കുവച്ച സമൂഹമാധ്യമ വിഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എല്ലാ ദുഃഖങ്ങള്‍ക്കും അളവുണ്ടെന്നും എന്നാല്‍ ഈ ദുഃഖത്തിന് അളവില്ലെന്നുമായിരുന്നു ഇളയരാജയുടെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com