ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ. റസാഖിന്റെയും റാസ്പുടിൻ ഡാൻസിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചു രംഗത്തെത്തിയത്. ഒരുമിച്ചു ചുവടുവച്ചതിന്റെ പേരിൽ വിദ്യാർഥികളെ വിമർശിച്ചവര്‍ക്കെതിരെ കരിമ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. 

 

നവീനിന്റെയും ജാനകിയുടെയും നൃത്ത വിഡിയോയ്ക്കു ലഭിച്ച വിമര്‍ശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്ന് കരിമ ബെന്നൂൻ പറഞ്ഞു. സാമൂഹികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. 

 

‘ഒരുമിച്ചു നൃത്തം ചെയ്തതിന് രണ്ട് യുവാക്കള്‍ക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത്‌ സാമൂഹമാധ്യമങ്ങളില്‍ വിദ്വേഷവും നേരിടേണ്ടി വന്നു. 'ഡാന്‍സ് ജിഹാദ്' എന്നു ചിലര്‍ കുറ്റപ്പെടുത്തി. വിദ്വേഷ പ്രചാരണങ്ങളെ നവീനും ജാനകിയും ശക്തമായ പ്രതികരണത്തിലൂടെ തടുത്തു നിർത്തിയത് പ്രശംസയർഹിക്കുന്നു. ഇത്തരം ക്രിയാത്മകമായ പ്രതികരണങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്

 

എല്ലാവരുടേയും സാംസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ നൃത്ത വിഡിയോ. 21ാം നൂറ്റാണ്ടില്‍ വിവേചനമില്ലാതെ എല്ലാവരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണ്’, കരിമ ബെന്നൂന്‍ പറഞ്ഞു. 

 

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇരുവരുടെയും പേരുകൾക്കൊപ്പം മതത്തിന്റെ നിറം കലർത്തി ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്  റാസ്പുടിൻ ഡാൻസിന്റെ വിവിധ പതിപ്പുകൾ പുറത്തു വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com