മോഹൻലാലിനും സുചിത്രയ്ക്കും അതിഥികളായി എം.ജി.ശ്രീകുമാറും ഭാര്യയും; ചിത്രങ്ങള്‍
Mail This Article
മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ അതിഥികളായി എത്തി ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരും മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കോളജ് കാലം മുതലുള്ള സൗഹൃദമാണ് എം.ജിശ്രീകുമാറും മോഹൻലാലും തമ്മിൽ. സിനിമയിൽ സജീവമായപ്പോൾ ബന്ധം കൂടുതൽ ബലപ്പെട്ടു. തിരക്കുകൾ കാരണം പലപ്പോഴും നേരിൽ കാണാൻ സാധിക്കാറില്ലെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.ജി.ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു.
ദീർഘ കാലത്തിനു ശേഷം മോഹൻലാലിനെയും എം.ജി.ശ്രീകുമാറിനെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയത്.
യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയ എം.ജി.ശ്രീകുമാർ, കഴിഞ്ഞ ദിവസം ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് വീസ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് മോഹൻലാലിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. ദുബായിൽ വച്ചായിരുന്നു ഗായകന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം.