പാട്ടും സുശീലയും പിന്നെ മലയാളവും!
Mail This Article
സ്നേഹാദരങ്ങൾ നിറഞ്ഞൊഴുകുന്ന ശൈലിയിൽ പതിറ്റാണ്ടുകളായി മലയാളി വിളിച്ചു ശീലിച്ച ശബ്സൗന്ദര്യത്തിന്റെ പേരാണ് സുശീലാമ്മ (പി.സുശീല). ആ സ്വരം കേൾക്കാൻ ഒരു തലമുറ മുഴുവൻ റേഡിയോ ബട്ടൺ അമർത്തി കാത്തിരിക്കുമായിരുന്നു ഒരു കാലത്ത്. വയലാറെഴുതി ദേവരാജൻ മാഷ് ഈണം പകർന്ന അനേകം ഗാനങ്ങളില്‍ പെൺസ്വരമായ പാട്ടുകാരിയാണ് സുശീല. മലയാളത്തിൽ നിരവധി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും പുതുതലമുറയെ പാട്ടിലാക്കാൻ ഈ പാട്ടുകാരി പിൽക്കാലത്ത് മലയാളത്തിന്റെ പിന്നണിയിൽ അത്രയങ്ങ് സജീവമായില്ല. എങ്കിലും പാടിയ പാട്ടുകൾക്കെല്ലാം ഇന്നും നന്നേ ചെറുപ്രായമാണ്. ദേവഗായിക എന്നാണ് ഭാവഗായകൻ പി.ജയചന്ദ്രൻ സുശീലയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ ‘ധ്വനി’ എന്ന ചിത്രത്തിനു സംഗീതമൊരുക്കാൻ നൗഷാദ് വന്നത് സുശീലാമ്മ പാടാനുണ്ടാകും എന്ന ഒറ്റ ഉറപ്പിൻമേൽ ആയിരുന്നു. ചിത്രത്തിലെ ‘അനുരാഗലോല ഗാത്രി’ എത്ര കേട്ടിട്ടും മലയാളിക്കിതുവരെ മടുപ്പ് തോന്നിയിട്ടുമില്ല. പ്രിയപ്പെട്ട പാട്ടുകാരിക്ക് ഇന്ന് 86 തികയുമ്പോൾ മലയാളികളുടെ ഹൃദയത്താളിൽ പതിഞ്ഞ ചില പാട്ടുകളിലേയ്ക്കൊരു തിരിഞ്ഞു നോട്ടം.
പാട്ടുപാടി ഉറക്കാം ഞാൻ...
പി.സുശീല മലയാളത്തില്‍ ഹരിശ്രീ കുറിച്ച ഗാനം. ‘പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ’ എന്ന് അമ്മയുടെ സ്നേഹത്തോടെ സുശീല പാടിയപ്പോൾ കരുതലും വാത്സല്യവുമെല്ലാം അളവില്ലാതെ ആ നാവിൽ നിന്നും ഉതിർന്നു വീണു. അഭയദേവിന്റെ വരികളിലെ ആ പൈതൽ മാത്രമല്ല, ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ചേർന്നലിഞ്ഞ പാട്ട് കേട്ട് എത്രയോ കുഞ്ഞുങ്ങൾ അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങി. 1960ൽ സീതയെന്ന ചിത്രത്തിലൂടെയാണ് പാട്ട് മലയാളികൾക്കരികിലെത്തിയത്. പാട്ട് കേട്ട് മനസ്സിന്റെ മടിത്തട്ടിൽ കുഞ്ഞിവാവയെ ആലോലമാടിക്കുന്നതു സ്വപ്നം കണ്ട് അമ്മയുടെ ആത്മനിർവൃതിയടഞ്ഞ സ്ത്രീജന്മങ്ങളും ഏറെ.
പെരിയാറേ പെരിയാറേ...
രണ്ട് അന്യഭാഷാ ഗായകർ ചേർന്നു പാടിപ്പതിപ്പിച്ച ഈ ഗാനം ഒരു കാലഘട്ടത്തിന്റെ തന്നെ സ്വരമായി മാറി. മലയാറ്റൂർ പള്ളിയിലെ പെരുന്നാളും ആലുവ ശിവരാത്രിയുമെല്ലാം വയലാർ വരികളിലാക്കിയപ്പോൾ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി. മലയാളികളുടെ ഈ ആഘോഷങ്ങളെക്കുറിച്ചെല്ലാം പാടിയതാകട്ടെ എ.എം രാജയും സുശീലയും. പർവത നിരയുടെ പനിനീരേ എന്നു പെരിയാറിനെക്കുറിച്ചു സുശീല പാടിയപ്പോൾ സ്വരഭംഗിയുടെ ഗംഗയും യമുനയുമൊക്കെയായിരുന്നു കേൾവിക്കാരുടെ മനസ്സിലേയ്ക്ക് ഒഴുകിയെത്തിയത്.
ഏഴുസുന്ദര രാത്രികൾ...
രാത്രിയാമങ്ങൾക്ക് ഇത്രയേറെ ഭംഗിയുണ്ടോ എന്ന് പലരും ചിന്തിച്ചത് ഒരുപക്ഷേ ഈ വരികൾ കേട്ട ശേഷമായിരിക്കും. ഒപ്പം സുശീലയുടെ നിത്യയൗവന നാദം കൂടിയെത്തിയപ്പോൾ പാട്ടുപ്രേമികളുടെ പകലുകള്‍ക്കും രാത്രികൾക്കും ഒരേ ഭംഗി. 1967ൽ ‘അശ്വമേധം’ എന്ന ചിത്രത്തിലൂടെ പുറത്തിറങ്ങിയ പാട്ടിന് ഈണം നൽകിയത് ദേവരാജൻ മാസ്റ്റർ ആയിരുന്നു. വരികൾ വയലാറിന്റേതും.
പൂന്തേനരുവീ...
പൂന്തേനരുവീ എന്നു നീട്ടിപ്പാടിയ സുശീല മലയാളിമനസ്സിൽ ഒരേസമയം കരകവിയിച്ചത് പാലരുവിയും തോൻപുഴയുമൊക്കെയായിരുന്നു. പൊന്മുടി പുഴയുടെ അനുജത്തിയായ പൂന്തേനരുവിയോട് നമുക്കൊരേ പ്രായമല്ലേ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ആ നാദത്തിൽ യൗവനത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും ഏറെയായിരുന്നു. ദേവരാജൻ–വയലാർ മാജിക്കിൽ പിറന്ന മറ്റൊരു സുന്ദരഗാനമാണിത്. 1971ൽ ‘ഒരു പെണ്ണിന്റെ കഥ’യിലൂടെയാണ് പാട്ട് ആസ്വാദകരുടെ കാതുകളിൽ പതിഞ്ഞത്.
അന്നു നിന്നെ കണ്ടതിൽ...
അന്നു നിന്നെ കണ്ടപ്പോഴാണ് അനുരാഗമെന്താണെന്ന് അറിഞ്ഞതെന്ന് കുറച്ചകലെ മാറി നിന്ന് ചുണ്ടുകളനക്കുന്ന നായകന്റെ ചിത്രമാണ് പാട്ട് കേൾക്കുമ്പോൾ ഗാനാസ്വാദകരിൽ നിറയുന്നത്. ദുഃഖം നിറഞ്ഞ ഭാവത്തിൽ എ.എം രാജ പാടിയപ്പോൾ കൂടെ പെൺസ്വരമായത് സുശീലയായിരുന്നു. ആ പാട്ട് കേട്ട് അനുരാഗം അറിയാത്തവർ പോലും പ്രണയത്തിന് ഇത്രയധികം സൗന്ദര്യവും വിരഹത്തിനിത്രയും നോവും ഉണ്ടോ എന്ന് ഒരു വേളയെങ്കിലും ചിന്തിച്ചുകാണണം. 1961ൽ ഉണ്ണിയാർച്ചയിലൂടെ പുറത്തിറങ്ങിയ പാട്ടിന് ഭാസ്കരൻ മാസ്റ്ററിന്റേതായിരുന്നു വരികൾ. സംഗീതം രാഘവൻ മാസ്റ്ററിന്റേതും.
മാലിനി നദിയിൽ...
കേൾവിക്കാരുടെ ചുണ്ടിലും വിരൽത്തുമ്പിലും ചെറുതായൊന്നു താളം ജനിപ്പിച്ചതാണ് ഈ പാട്ട്. പ്രണയ ഭാവത്താൽ നായകനും നായികയും സ്വയം മറന്നു സ്നേഹിച്ച സുന്ദര നിമിഷങ്ങൾ. അവരുടെ പ്രണയം ആരോടും പറയരുതെന്ന് വയലാറിലെ കവിഹൃദയം സ്നേഹാഭ്യർഥന നടത്തിയത് നദിക്കരയിൽ തുള്ളി നടക്കുന്ന മാൻപേടയോടായിരുന്നു. ആ ഭാവത്തെ അതേപടി ശബ്ദത്തിലേയ്ക്കു പകർത്തി പാടി തീർത്തത് സുശീലയും യേശുദാസും. ‘ശകുന്തള’ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മാസ്റ്റർ ഈണമൊരുക്കിയ ഗാനമാണിത്.
ആകാശങ്ങളിലിരിക്കും...
കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർഥിക്കാൻ തലമുറകൾക്കൊപ്പം സഞ്ചരിച്ച ഭക്തിഗാനം. 1967ൽ പുറത്തിറങ്ങിയ നാടൻ പെണ്ണിൽ വയലാർ–ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നതാണീ ഗാനം. പ്രാർഥനാ ശൈലിയിൽ തന്നെ സുശീല പാടിപ്പതിപ്പിച്ച പാട്ട് പിൽക്കാലത്ത് ക്രിസ്തീയഭക്തിഗാനശാഖയിൽ മുൻനിരയിൽ ഇടം നേടി. മലയാളികളുടെ പ്രാർഥനാസമ്മേളനങ്ങളിൽ ആദര ഗീതമായി പാട്ട് ഉയർന്നു കേട്ടു.
മാനത്തെ മഴമുകിൽ മാലകളെ...
കേട്ടാലും പാടിയാലും മതിവരാത്ത ഗാനങ്ങളിലൊന്ന്. മലയാളി റിപ്പീറ്റ് ബട്ടൺ അമർത്തി മനസ്സ് കൊടുത്തു കേട്ടിരുന്ന പാട്ട്. വരികളുടെ സൗന്ദര്യത്തെ അതുപോലെ തന്നെ സ്വരത്തിലേയ്ക്കു പടർത്തി പി. സുശീല പാടി. ആ ശബ്ദത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യമോടിയെത്തുന്ന ഗാനങ്ങളിലൊന്നാണിത്. ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിൽ രാഘവന്‍ മാഷിന്റെ സംഗീതത്തിൽ പിറന്ന പാട്ടിന് ഭാസ്കരന്‍ മാഷിന്റേതായിരുന്നു വരികൾ.
കണ്ണു തുറക്കാത്ത ദൈവങ്ങളേ...
തൊഴുകയ്യോടെ വേദിയിൽ മൈക്കിനു മുന്നിൽ നിന്നു ചിത്രത്തിലെ നായിക ചെറു തേങ്ങലോടെ പാടിയ പാട്ട് കേട്ടിരുന്നവരിൽ നോവായി പടർന്നു കയറിയിട്ടുണ്ടാകും. 1967ലെ ‘അഗ്നിപുത്രി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ പരിഭവവും നിരാശയും തെളിഞ്ഞു കാണാം. വയലാറിന്റെ ഉള്ളുപൊള്ളിക്കും വരികൾക്ക് എം.എസ്.ബാബുരാജ് ആയിരുന്നു സംഗീതം.
ഹൃദയഗീതമായ്...
പുതിയ തലമുറ സുശീലാമ്മയുടെ ശബ്ദമാധുര്യത്തെ അടുത്തറിഞ്ഞ ഗാനം. 2003ൽ പുറത്തിറങ്ങിയ ‘അമ്മക്കിളിക്കൂട്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒരുപാട് അമ്മമാരുടെ പ്രാർഥനാഗീതമായാണ് ചിത്രത്തിൽ ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാകണം പി.സുശീലയുടെ സ്വരത്തിൽ ഭക്തിയുടെ തെളിച്ചം. കൈതപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ മാഷാണ് ഈണമൊരുക്കിയത്.