ആ വേർപാടിന്റെ വേദനയിൽ സുശീല പറഞ്ഞു, ‘ഞാൻ പാട്ട് നിർത്തുന്നു, ഇനി പാടില്ല’!
Mail This Article
ഗായിക പി.സുശീലയുടെ ശബ്ദത്തിന്റെ ആഴവും ആത്മാവും അറിയാത്ത മലയാളികളുണ്ടാവില്ല. ദക്ഷിണേന്ത്യയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു സുശീല. ആറു ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് അവർ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഗായികയുടെ സംഗീത ജീവിതം കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. ഒരുപാട് വൈകാരിക സംഘർഷങ്ങളിലൂടെ കടന്നു പോയ സുശീല, ഒരിക്കൽ സംഗീതജീവിതം അവസാനിപ്പിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്.
രണ്ടുവയസ്സുള്ള മകന്റെ അകാലമരണമാണ് ഗായികയെ തളർത്തിയത്. ആ ആഘാതത്തിൽ നിന്നും കരകയറാനാകാതെ വിങ്ങി വിതുമ്പിക്കഴിഞ്ഞ നാളുകളായിരുന്നു പിന്നീട്. വിധിയുടെ ക്രൂരത അംഗീകരിക്കാനാകാതെ സുശീലയുടെ അമ്മ മനസ്സ് സംഗീതജീവിതം പാടേ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനിയൊരിക്കലും സിനിമയില്‍ പാടില്ല എന്നുറപ്പിച്ചിരുന്നപ്പോഴാണ് തിരിച്ചുവരവിന്റെ പാതയിലേയ്ക്കു ക്ഷണിക്കാൻ ദേവരാജൻ മാസ്റ്ററും കുഞ്ചാക്കോയും കൂടി സുശീലയുടെ വീട്ടിലെത്തിയത്. സിനിമയിലേയ്ക്കു മടങ്ങിവരണമെന്നും സുശീല പാടിയില്ലെങ്കിൽ തങ്ങൾ ഇനി സിനിമയെടുക്കില്ലെന്നും ഇരുവരും കട്ടായം പറഞ്ഞു.
ദേവരാജൻ മാസ്റ്ററിന്റെയും കുഞ്ചാക്കോയുടെയും അതുവരെയുള്ള എല്ലാ സിനിമകളിലും പാടിയിരുന്നത് സുശീല ആയിരുന്നു. ഇരുവരുടെയും സ്നേഹപൂര്‍വമുള്ള നിർബന്ധത്തിനു മുന്നിൽ വഴങ്ങിയ ഗായിക പിന്നെയും പിന്നണിഗാനരംഗത്തെത്തി. നിർബന്ധപൂർവം എത്തിയതാണെങ്കിലും ആ തീരുമാനം വളരെ മികച്ചതായി തോന്നി എന്ന് പിൽക്കാലത്ത് സുശീല തന്നെ പറഞ്ഞിട്ടുണ്ട്.
മലയാളത്തിൽ ഏറ്റവുമധികം ഹിറ്റ് ആയ കോംബോ ആയിരുന്നു ദേവരാജൻ- പി.സുശീല. താൻ ഹൃദയം കൊണ്ടു പാടുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ പി.സുശീലയെ ഓർക്കും എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ദേവരാജനീണങ്ങളിൽ സുശീലയുടെ ശബ്ദം പതിഞ്ഞപ്പോൾ പുറത്തു വന്നത് നിത്യഹരിത ഗാനങ്ങളായിരുന്നു. ആ പാട്ടുകളോളം തന്നെ പ്രശസ്തമായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധവും വർഷങ്ങൾ നീണ്ട പിണക്കവുമെല്ലാം.
തന്റെ സംഗീത ജീവിതത്തിനു ദേവരാജൻ മാസ്റ്റർ ഇല്ലാതെ പൂർണത ഉണ്ടാവില്ലെന്നു പി.സുശീല പറഞ്ഞിട്ടുണ്ട്. സുശീലയുടെ ഭാവ ദീപ്തമായ ആലാപനത്തെക്കുറിച്ച് ദേവരാജൻ മാസ്റ്ററും വാചാലനായിട്ടുണ്ട്. പരസ്പരം അറിഞ്ഞുള്ള ഈ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ല പാട്ടുകളാണ്.