സ്വദേശത്തെത്തി മൂന്നാം ദിനം വെടിയേറ്റു വീണു; യങ് ഡോൾഫിനെ ഓർത്ത് വിതുമ്പി സംഗീതലോകം
Mail This Article
പ്രശസ്ത അമേരിക്കൻ റാപ് ഗായകൻ യങ് ഡോൾഫ് (36) വെടിയേറ്റു മരിച്ചു. ഗായകന്റെ ജന്മദേശമായ മിംഫിസിലെ വിമാനത്താവളത്തിനടുത്തുള്ള കുക്കി ഷോപ്പില്‍ വച്ചാണ് സംഭവം. യങ് ഡോൾഫിനെതിരെ വെടിയുതിർത്തയാളെ പിടികൂടിയെന്നും എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടിലെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. യങ് ഡോൾഫിന്റെ കാർ സംഭവസ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് യങ് ഡോൾഫ് മിംഫിസിൽ എത്തിയത്. അർബുദ രോഗ ബാധിതയായി കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാനും നന്ദി സൂചകമായുള്ള അത്താഴവിരുന്നിൽ പങ്കെടുക്കാനുമായിരുന്നു സ്വദേശത്തേയ്ക്കുള്ള യാത്ര. തിങ്കളാഴ്ചയും മിംഫിസിലെ ഇതേ കുക്കി ഷോപ്പിൽ ഡോൾഫ് സന്ദർശനം നടത്തിയിരുന്നു.
ഡോള്‍ഫ് കടയിലേക്കു കയറിയ ഉടന്‍ തന്നെ ഏതാനും പേർ അദ്ദേഹത്തെ വളയുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഡോൾഫിന്റെ ബന്ധുവായ മരീനോ മെയേർസിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തവണ ഈ കട സന്ദര്‍ശിച്ചപ്പോൾ യങ് ഡോൾഫിന്റെ പ്രമോഷൻ വിഡിയോ കട നടത്തിപ്പുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
അമേരിക്കൻ ഹിപ് ഹോപ് കമ്യൂണിറ്റിയിൽ ഏറെ പ്രശസ്തനായിരുന്നു യങ് ഡോൾഫ്. ഗായകന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് സംഗീതലോകമിപ്പോൾ. ആക്രമണത്തിന്റെയും കുറ്റകൃത്യത്തിന്റെയും വേദന ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഡോള്‍ഫിന്‍റെ കൊലപാതകമെന്ന് മിംഫിസ് മേയര്‍ ജിം സ്ട്രൈക്ക്ലാന്‍റ് പറഞ്ഞു. ഡോൾഫ് കൊല്ലപ്പെട്ടതോടെ കുക്കി ഷോപ്പിനു മുന്നിൽ ഗായകന്റെ ആരാധകർ ഉൾപ്പെടെ നിരവധിപേർ തടിച്ചുകൂടി. തുടർന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.