ADVERTISEMENT

മനികെ മാഗേ ഹിതേ എന്ന ഒറ്റ ഗാനത്തിലൂടെ ലോകപ്രശസ്തയായ ശ്രീലങ്കൻ ഗായിക യൊഹാനി ഡിലോക ഡിസിൽവ വീണ്ടും സംഗീത തരംഗം സൃഷ്ടിക്കുന്നു. പുതിയ ഗാനമായ ‘മൂവിങ് ഓൺ’ ഒരുമാസം കൊണ്ട് 20 ലക്ഷം പേരുടെ ഹൃദയം കവർന്നു. കഴിഞ്ഞ മേയ് 22ന് പുറത്തിറങ്ങിയ ‘മനികെ മാഗേ ഹിതേ’ എന്ന പ്രണയഗാനം ഇതിനകം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്. സിംഹള ഭാഷയിലുള്ള ആ ഗാനം 2020ൽ സതീശൻ രത്നായക പാടിയത് യൊഹാനി വീണ്ടും പാടിയിറക്കുകയായിരുന്നു.

 

ബോളിവുഡ് താരങ്ങൾ മുതൽ ബുദ്ധഭിക്ഷുക്കൾ വരെ ആ ഗാനം ഏറ്റെടുത്തു ചുവടുവച്ചതോടെ യൊഹാനി എന്ന ഇരുപത്തെട്ടുകാരി ആഗോള പ്രശസ്തയായി. തമിഴ്, ഹിന്ദി ഉൾപ്പെടെ പല ഭാഷകളിലും യൊഹാനി തന്നെ ആ ഗാനം പിന്നീടു പാടിയിറക്കി.

ശ്രീലങ്കൻ കരസേനാ ഓഫിസർ പ്രസന്ന ഡി സിൽവയുടെയും ശ്രീലങ്കൻ എയർലൈൻസിലെ മുൻ എയർഹോസ്റ്റസ് ദിനിതിയുടെയും മകളായ യൊഹാനി, യുകെയിൽനിന്ന് അക്കൗണ്ട്സിൽ മാസ്റ്റേഴ്സ് എടുത്ത് ഓസ്ട്രേലിയയിൽ ഉപരിപഠനം പൂർത്തിയാക്കി 2019 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഗീതം ഗൗരവമായെടുക്കുന്നത്. 

 

കോവിഡ് കാലത്ത് 30 സെക്കൻഡ് വരുന്ന ചെറിയ ടിക്ടോക് വിഡിയോകളിലൂടെ കവർ സോങ്ങുകൾ പാടിയായിരുന്നു തുടക്കം. ‘ദേവിയാങ്കെ ബാരെ’ എന്ന റാപ്പ് പാട്ടാണ് ആദ്യം ഹിറ്റാകുന്നത്. തുടർന്ന് ശ്രീലങ്കയിലെ ‘റാപ്പ് രാജകുമാരി’ എന്ന വിളിപ്പേരു നേടി. ‘മനികെ മാഗേ ഹിതേ’ യുട്യൂബിൽ 2.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന ബഹുമതി നേടിക്കൊടുത്തു.

 

കഴിഞ്ഞ സെപ്റ്റംബറിൽ ‘ശിദ്ദത്ത്’ എന്ന സിനിമയിൽ യൊഹാനി പാടിയ പാട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുകോടിയോളം പേരുടെ ഹൃദയം കവർന്നു. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലും ഹൈദരാബാദിലും ഒക്ടോബറിൽ യൊഹാനിയുടെ സൂപ്പർ മൂൺ എന്ന സ്റ്റേജ് ഷോയും സംഘടിപ്പിച്ചു.

2 മാസം മുൻപിറക്കിയ ‘ഇതിൻ ആദരേ’ എന്ന സിംഹള പ്രയണയഗാനം സൂപ്പർഹിറ്റായതിനു പിന്നാലെയാണ് നവംബറിൽ  ലൊസാഞ്ചലസ് ആസ്ഥാനമായുള്ള റെഡ്ബുൾ റിക്കോർഡ്സ് യൊഹാനിതന്നെ ചിട്ടപ്പെടുത്തിയ ‘മൂവിങ് ഓൺ’ എന്ന പുതിയ ഇംഗ്ലിഷ് ഗാനവുമായി എത്തിയത്. പ്രണയനൈരാശ്യത്തെ മറികടക്കാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും  ഉപദേശിക്കുന്ന ഗാനത്തിലെ വരികൾ ഇപ്പോൾ ലോകമെമ്പാടും പുതുതലമുറ പാടി നടക്കുന്നു: ‘എവരി ടൈം ഐ ഫൈൻഡ് മൈ വേ ടു ലീവ് ടു ഫൈറ്റ് അനദർ ഡേ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com