വീണ്ടും പാട്ടുമായി ‘ഹൃദയം’; ട്രെൻഡിങ്ങിൽ നിന്നു മാറാതെ ‘അരികെ നിന്ന നിഴൽ’
Mail This Article
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘അരികെ നിന്ന’ എന്നു തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു പ്രേക്ഷകരെ നേടി. പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
ഹിഷാം അബ്ദുൽ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. അരുൺ ഏളാട്ട് വരികൾ കുറിച്ച ഗാനം ജോബ് കുര്യൻ ആലപിച്ചിരിക്കുന്നു. ചിത്രത്തിലെ മുൻപ് പുറത്തിറങ്ങിയ ‘ദർശനാ’ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകെ 15 പാട്ടുകളാണ് ‘ഹൃദയ’ത്തിലുള്ളത്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിര്‍മ്മിക്കുന്നു. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാസ് നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്.