വമ്പൻ മേക്കോവറിൽ പ്രാർഥന ഇന്ദ്രജിത്; വരുണിനൊപ്പമുള്ള പാട്ട് ഹിറ്റ്
Mail This Article
പുതിയ സംഗീത വിഡിയോ പുറത്തിറക്കി ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന. വിത്ത് /ഔട്ട് യു എന്ന പേരിലൊരുക്കിയ പാട്ട് പ്രാർഥനയും ഗായകൻ വരുൺ ജോണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കവർ ഗാനങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ നേടിയ വരുൺ തന്നെയാണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നത്.
ഒരു ഇംഗ്ലിഷ് റൊമാൻസിന്റെ രീതിയിലാണ് വിത്ത്/ ഔട്ട് യു തയ്യാറാക്കിയിട്ടുള്ളത്. വരുണിന്റെയും പ്രാർഥനയുടെയും ആഴമുള്ള ശബ്ദം പ്രേക്ഷകർക്കു വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുന്നു. ദൃശ്യാവിഷ്‌കാരവും പുതുമ നിറഞ്ഞതാണ്. വൻ മേക്കോവർ നടത്തിയാണ് പ്രാർഥന ഇന്ദ്രജിത് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ചുരുങ്ങിയ സമയത്തിനകം തന്നെ പ്രാർഥനയുടെയും വരുണിന്റെയും സംഗീത വിഡിയോ ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണു പ്രാർഥന. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു.