അവസാന റെക്കോർഡിങ് തൃശൂരിൽ
Mail This Article
അന്തരിച്ച കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവസാനമായി സംഗീതം നൽകിയ പാട്ടിനു കൂട്ടായത് തൃശൂർ. ശ്രീവർമ പ്രൊഡക്‌ഷന്റെ ബാനറിൽ ശ്രീജിത് വർമ നിർമിച്ച് ശ്രീനാഥ് ശിവ സംഗീതം ചെയ്യുന്ന ‘സെക്‌ഷൻ 306 ഐപിസി’ എന്ന ചിത്രത്തിനു വേണ്ടിയാണു കൈതപ്രം വിശ്വനാഥൻ അവസാനം ഈണം നൽകിയത്.
‘‘സതിയുണരുന്നൂ ചിതയിൽ നിന്നും.. ഹിമഗിരി കന്യകപോലെ.. ജന്മ ബന്ധം മായില്ലല്ലോ തമ്മിൽ ചേരാതെ...’ എന്നു തുടങ്ങുന്നതായിരുന്ന പാട്ട്. ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾ. ഗാനം റെക്കോർഡ് ചെയ്തത് തൃശൂർ പൂത്തോളിലെ ഡിജി ട്രാക്ക് സ്റ്റുഡിയോയിൽ. ആ ഗാനം ആലപിച്ചതിനു പിന്നിലും തൃശൂരുകാർ. പി. ജയചന്ദ്രൻ, വിദ്യാധരൻ, ഇന്ദുലേഖ വാരിയർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പി. ജയചന്ദ്രനും ഇന്ദുലേഖയും ചേർന്ന് ആലപിച്ച യുഗ്മഗാനവും അന്നു റെക്കോർഡ് ചെയ്തു.
കാൻസർ മൂലമുള്ള ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ അദ്ദേഹം നേരിട്ടെത്തിയില്ല. പക്ഷേ, ഫോണിൽ വിഡിയോ കോളിൽ വിളിച്ച് ഓരോ വരിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു നിർദേശങ്ങൾ നൽകി. റെക്കോർഡിങ് കഴിഞ്ഞു ഫയൽ അയച്ചുകൊടുത്തതും കേട്ട് തൃപ്തി അറിയിച്ചു. ‘തിളക്കം’ സിനിമയ്ക്കുവേണ്ടി താൻ സംഗീതം നൽകിയ ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ..’ എന്ന ഗാനം ജയചന്ദ്രൻ പാടിയതിന്റെ അനുഭവങ്ങളും ഇരുവരും ഫോണിലൂടെ പങ്കുവച്ചു.
ഇതിന്റെ പിറ്റേന്ന് ജെ.സി. ഡാനിയൽ പുരസ്കാരം ജയചന്ദ്രനെ തേടിയെത്തിയത് ഇരട്ട സന്തോഷമായി. പാട്ടിന്റെ അണിയറ പ്രവർത്തകരെ വിളിച്ച് ഈ സന്തോഷവും പങ്കുവച്ചിരുന്നു കൈതപ്രം വിശ്വനാഥൻ.