ADVERTISEMENT

നാട്ടിടവഴികളിലൂടെ കൈപിടിച്ചു നടത്തി ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഈണങ്ങളായിരുന്നു കൈതപ്രം വിശ്വനാഥൻ മലയാളിക്കു സമ്മാനിച്ചത്. കൈതപ്രത്തെ നാട്ടുവഴികളുടെയും അനുരാഗിണിയായ വണ്ണാത്തിപ്പുഴയുടെയും താളമുള്ള പാട്ടുകൾ. കയ്യെത്തും ദൂരെയുള്ള കുട്ടിക്കാലത്തെ ഓർമിപ്പിച്ചും സ്വന്തം ബാല്യത്തിലൂടെ തിരികെ നടക്കാൻ കൊതിപ്പിച്ചും ഈ ഈണങ്ങൾ മലയാളിയെ ഗൃഹാതുരതയിൽ കൊളുത്തിയിട്ടു. 

 

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ കണ്ണാടി കേശവൻ നമ്പൂതിരിയുടെ മകനായി പിറന്നെങ്കിലും കൈതപ്രം വിശ്വനാഥൻ സംഗീതത്തോടടുക്കുന്നത് വൈകിയാണ്. മൃദംഗമായിരുന്നു ആദ്യം പഠിച്ചത്. വായ്‌പാട്ടിൽ അനിയനു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നിർദേശപ്രകാരമാണ് പിന്നീട് സംഗീതം പഠിക്കാൻ തുടങ്ങിയത്.  

 

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നു ഗാനഭൂഷണം പാസായ ശേഷം മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് സ്കൂളിലും സംഗീതാധ്യാപകനായി. പിന്നീടു പയ്യന്നൂരിൽ ‘ശ്രുതിലയ’ എന്ന പേരിൽ സംഗീത വിദ്യാലയം ആരംഭിച്ചു. ആ കാലത്താണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമയിൽ സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. സഹോദരനൊപ്പം സഹായിയായി കൈതപ്രം വിശ്വനാഥനും  ചേർന്നു.

 

‘ദേശാടന’ത്തിലായിരുന്നു തുടക്കം. ആ ചിത്രത്തിന് പിന്നണിസംഗീതം ഒരുക്കിയതു വിശ്വനാഥനായിരുന്നു. ‘കളിയാട്ട’ത്തിലും സംഗീത സംവിധാന സഹായിയായി. ജയരാജ് തന്നെ സംവിധാനം ചെയ്ത ‘കണ്ണകി’യിലൂടെ സ്വതന്ത്ര  സംഗീത സംവിധായകനായി. കണ്ണകിയിലെ ‘കരിനീലക്കണ്ണഴകി’, ‘എന്നു വരും നീ എന്നു വരും നീ’, ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ’ തുടങ്ങിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതമൊരുക്കിയതിനാണ് 2001 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. 

 

കണ്ണകിക്കു ശേഷം ‘തിളക്കം’ എന്ന ചിത്രത്തിലൂടെ വീണ്ടും ജയരാജുമായി ഒന്നിച്ചു. ഇതിലെ ‘നീയൊരു പുഴയായ് തഴുകുമ്പോൾ’ എന്ന പാട്ടിലൂടെ 2003 ലെ മികച്ച ഗായകനുള്ള സംസ്‌ഥാന അവാർഡ് പി. ജയചന്ദ്രനെ തേടിയെത്തി. 2004 ലെ മികച്ച ഗായകനുള്ള സംസ്‌ഥാന അവാർഡ് ജി.വേണുഗോപാലിന് നേടിക്കൊടുത്ത ‘ആടെടീ ആടാടെടീ ആലിലക്കിളിയേ...‘ എന്നു തുടങ്ങുന്ന ‘ഉള്ള’ത്തിലെ ഗാനം ചിട്ടപ്പെടുത്തിയതും  കൈതപ്രം വിശ്വനാഥനായിരുന്നു. 

 

മധു കൈതപ്രം സംവിധാനം ചെയ്ത ‘ഏകാന്തം’ എന്ന ചിത്രത്തിൽ  വിശ്വനാഥൻ ഒരുക്കിയ ‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം’ എന്ന ഗാനവും ‘മധ്യവേനൽ’ എന്ന ചിത്രത്തിലെ ‘സ്വന്തം സ്വന്തം ബാല്യത്തിലൂടെ’ എന്നീ ഗാനവും പ്രശസ്തം. 

 

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കോഴിക്കോട് തിരുവണ്ണൂരിൽ പ്രവർത്തിക്കുന്ന സ്വാതി തിരുനാൾ കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിശ്വനാഥൻ ഏറെ നാളായി തിരുവണ്ണൂരിലായിരുന്നു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com