നീലേശ്വരം പരുവപ്പെടുത്തിയ സംഗീത ജീവിതം
Mail This Article
അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ സംഗീത ജൈത്രയാത്ര തുടങ്ങിയത് നീലേശ്വരത്തു നിന്ന്. ആ ഹൃദയബന്ധം ജീവിതാവസാനം വരെ കാത്തുവയ്ക്കുകയും ചെയ്തു അദ്ദേഹം. സ്വാതി തിരുനാൾ സംഗീത കോളജിലെ പഠനം പൂർത്തിയാക്കിയ ശേഷം എൺപതുകളുടെ പകുതിയിലാണ് ഇദ്ദേഹം നീലേശ്വരം രാജാസ് എച്ച്എസ്എസിൽ സംഗീത അധ്യാപകനായി ചേർന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയെ വിവാഹം ചെയ്തത് നീലേശ്വരം പള്ളിക്കര കാരക്കാട്ടില്ലത്തെ വിഷ്ണു നമ്പൂതിരിയായിരുന്നു.
വിശ്വനാഥൻ നമ്പൂതിരിയുടെ ഭാര്യ ഗൗരി മടിക്കൈ ആലമ്പാടി ഇല്ലത്താണ്. ജോലിയും ജീവിതവുമെല്ലാം നീലേശ്വരവുമായി ബന്ധപ്പെട്ടതോടെ ഇടക്കാലത്ത് ഇദ്ദേഹം നീലേശ്വരത്തു തന്നെ താമസവുമാക്കി. കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ചിട്ടപ്പെടുത്തിയ സംഘഗാനങ്ങൾ അതുവരെയുള്ള സ്ഥിരം വിജയികളെ പിന്നിലാക്കി രാജാസ് സ്കൂളിനെ ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ വിജയകിരീടം ചൂടിച്ചു. തന്നിലെ സംഗീത സംസ്കാരത്തെ പരുവപ്പെടുത്തുന്നതിൽ നീലേശ്വരത്തിന്റെ സാംസ്കാരിക മനസ്സ് ഏറെ സ്വാധീനിച്ചതായി ഇദ്ദേഹം അനുസ്മരിക്കാറുണ്ടായിരുന്നു.
സംഗീത പരിശീലകനായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലും എത്തിയതോടെ അവിഭക്ത കോഴിക്കോട് സർവകലാശാല ഇന്റർസോൺ കലോത്സവങ്ങളിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജും സംഗീതമത്സര വിജയം തുടങ്ങി. സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച വരികളാണ് ഇദ്ദേഹം ചിട്ടപ്പെടുത്തിയത്.
രസിച്ച് വെറ്റില മുറുക്കി സംഗീത ഉപകരണങ്ങളിൽ ചടുലമായ സംഗീത മുറുക്കങ്ങൾ നടത്തി ഒരുക്കുന്ന സംഘഗാനങ്ങൾ വിജയവും മുറുകെ പിടിച്ചുവെന്നു കോളജിലെ അന്നത്തെ ഫൈൻ ആർട്സ് ആഡ്വൈസറും നിലവിൽ സി.കെ.നായർ ആർട്സ് ആൻഡ് മാനേജ്മെന്റ് കോളജ് പ്രിൻസിപ്പലും ആയ ഡോ.എ.സി.കുഞ്ഞിക്കണ്ണൻ അനുസ്മരിച്ചു. 1996 ൽ നെഹ്റു കോളജിലെ സിൽവർ ജൂബിലി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിനെത്തിയ അന്നത്തെമ മുഖ്യമന്ത്രി ഇ.കെ.നായനാർ കൈതപ്രം വിശ്വനാഥൻ ചിട്ടപ്പെടുത്തിയ 7 മിനുട്ട് നീണ്ട സ്വാഗതഗാനം ആസ്വദിച്ചത് സദസിലിരുന്നാണ്. ഉത്തേരകേരളത്തിന്റെ ചരിത്രവും രാഷ്ട്രീയവും ഇഴ ചേർത്ത് വിശ്വനാഥൻ നമ്പൂതിരി തന്നെയാണ് വരികളുമെഴുതിയത്.
1994 ജനുവരിയിൽ കാഞ്ഞങ്ങാട്ട് നടന്ന നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോൽസവത്തിനായി ഇദ്ദേഹം ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിനിടെ ഒരു മിനിറ്റ് നീണ്ട ബെല്ലാരി നൃത്തം ചവിട്ടിയത് ആ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവ തിലകം നടി മഞ്ജുവാര്യരും കലാപ്രതിഭ വിപിൻദാസുമായിരുന്നു. എൻ.വി.കൃഷ്ണൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്തവും വിശ്വനാഥന്റെ സംഗീതവും സദസ് നിലയ്ക്കാത്ത കരഘോഷത്തോടെ സ്വീകരിച്ചതായി കലോൽസവ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആയിരുന്ന കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളറും സംഘാടകനുമായ പ്രഫ.കെ.പി.ജയരാജൻ ഓർക്കുന്നു. സംഗീതപാരമ്പര്യത്തിനു തുടർച്ചയേകാൻ നീലേശ്വരത്ത് വിപുലമായ ശിഷ്യവൃന്ദവും കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്കുണ്ട്.