ADVERTISEMENT

കെ റെയിലിനെതിരെ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം.  ആവശ്യമായ പഠനങ്ങളും പുനരധിവാസ പദ്ധതികളെപ്പറ്റിയുള്ള ആലോചനയുമില്ലാതെയാണ് ഇടതു സർക്കാർ ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് കെ റെയിൽ വിരുദ്ധ കവിതയുമായി റഫീഖ് അഹമ്മദ് എത്തിയത്.  "എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ" എന്നുതുടങ്ങുന്ന കവിത കുറഞ്ഞ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി.  കവിതയ്ക്ക് മോശം കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

 

ഇടത് വിരോധം കൊണ്ട് മാത്രം മുളക്കുന്ന കവിതകളാണിതെന്നും വികസനവിരുദ്ധനാണെന്നും മറ്റുമുള്ള കമന്റുകളാണ് ഏറെയും.  അസഭ്യവാക്കുകളും കമന്റുകളായി എത്തുന്നുണ്ട്.  കെ റെയിലിനെ പിന്തുണയ്ക്കുന്നവരുടെ സൈബർ ആക്രമണങ്ങളെ "തെറിയാൽ തടുക്കുവാൻ കഴിയില്ല"  എന്ന് തുടങ്ങുന്ന മറ്റൊരു നാലുവരി കവിത കുറിച്ചാണ് റഫീഖ് അഹമ്മദ് ഈ ആക്രമണങ്ങളെ പ്രതിരോധിച്ചത്.  റഫീഖ് അഹമ്മദിനു പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്.

 

റഫീഖ് അഹമ്മദിന്റെ കവിത വായിക്കാം

 

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ  പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com