‘അവന് പക്കമേളത്തിന്റെ ആവശ്യമില്ല, കാരണം’; സിദ്ദ് ശ്രീറാമിന്റെ പാട്ട് കേട്ട് അല്ലു അർജുൻ പറഞ്ഞത്
Mail This Article
ഗായകൻ സിദ്ദ് ശ്രീറാമിനെക്കുറിച്ച് നടൻ അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുന്നു. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പുഷ്പ’യില്‍ ‘ശ്രീവല്ലി’ എന്ന ഗാനം ആലപിച്ച സിദ്ദിനെ പ്രശംസിച്ചുകൊണ്ടാണ് അല്ലുവിന്റെ സമൂഹമാധ്യമ പോസ്റ്റ്. സിദ്ദിന്റേത് മാന്ത്രികസ്വരമാണെന്നും പാട്ട് കേൾക്കുമ്പോൾ തനിക്ക് അതിശയം തോന്നുന്നുവെന്നും അല്ലു അർജുൻ കുറിപ്പിൽ പറയുന്നു.
‘ഒഴിവുസമയത്ത് എഴുതാൻ ആഗ്രഹിച്ച കാര്യമാണിത്. പുഷ്പയുടെ പ്രീ-റിലീസ് ഇവന്റിൽ എന്റെ സഹോദര തുല്യനായ സിദ്ദ് ശ്രീറാം ‘ശ്രീവല്ലി’ എന്ന ഗാനം സ്‌റ്റേജിൽ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പാട്ട് ആരംഭിച്ചത്. സാവധാനം സംഗീതോപകരണങ്ങൾ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നാണു ഞാൻ കരുതിയത്. എന്നാൽ അത് ഉണ്ടായില്ല. അവൻ പാടിക്കൊണ്ടേയിരുന്നു, സത്യത്തിൽ പാട്ട് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. ആ സ്വരം മാന്ത്രികമായി മുഴങ്ങുന്നത് പോലെയാണ് എനിക്കു തോന്നിയത്. അവന് സംഗീതോപകരണങ്ങളുടെ ആവശ്യമില്ല. അവൻ തന്നെയാണ് സംഗീതം’, അല്ലു അർജുൻ കുറിച്ചു.
അല്ലു അർജുന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധേയമായത്. പിന്നാലെ സിദ്ദിന്റെ പ്രതികരണവുമെത്തി. അല്ലുവിന്റെ വാക്കുകളെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിനു മുന്നിൽ വിനയാന്വിതനായി സ്നേഹപൂർവം നിൽക്കുന്നുവെന്നും സിദ്ദ് ശ്രീറാം കുറിച്ചു.
‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലും എത്തുന്നു. ‘പുഷ്പ’യിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.