നൈല ഉഷയും സ്വാസികയും പിന്നെ പാലാ സജിയും; താരങ്ങളെ ചുവടുവപ്പിച്ച് ‘കച്ചാ ബദാം’
Mail This Article
ഇന്റർനെറ്റിൽ അതിവേഗം പടർന്നു കയറുകയാണ് ‘കച്ചാ ബദാം’ എന്ന ബംഗാളി ഗാനം. പാട്ടിനൊപ്പം ചുവടുവച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്തെത്തുകയാണ് ഓരോ ദിവസവും. ‘കച്ചാ ബദാം ഡാൻസ് ചലഞ്ച്’ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. ആരാധകർ ഏറി വരുന്ന ഈ പാട്ട് ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്.
ഇന്ത്യയുടെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ നിരവധി പേരും കച്ചാ ബദാമിനൊപ്പം ചുവടുവച്ചു. 2021 നവംബര്‍ അവസാനവാരം പുറത്തിറങ്ങിയ ഗാനം ഇതിനോടകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. സ്വാസിക, ശിൽപ ബാല, നൈല ഉഷ, അനുശ്രീ, പാലാ സജി തുടങ്ങിയ മലയാളി താരങ്ങളും പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തി.
ബോളിവുഡ് താരങ്ങൾക്കിടയിലും കച്ചാ ബദാം തരംഗമായിക്കഴിഞ്ഞു. അടുത്തിടെ നടി ഉർഫി ജാവേദ് പങ്കുവച്ച റീൽ വിഡിയോയ്ക്കു പക്ഷേ വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. താരത്തിന്റെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലർ അധിക്ഷേപ കമന്റുകളിട്ടത്.
ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകര്‍ ഏറി വരികയാണ്. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ പ്രിയതാരമായി മാറിയ കിലി പോളും ബ്രസീലിയല്‍ വിഡിയോ കണ്ടന്റ് പ്രൊഡ്യൂസർ പാബ്ലോയും മകൾ വെറോണിക്കയും അമേരിക്കയിലെ ‘ഡാൻസിങ് ഡാഡ്’ എന്നറിയപ്പെടുന്ന റിക്കി പോണ്ടും കച്ചാ ബദാമിനൊപ്പം ചുവടുവച്ചു കയ്യടി നേടി.
ദേശത്തിനും ഭാഷയ്ക്കും അതീതമായി ചുരുങ്ങിയ സമയം കൊണ്ടു തരംഗമായി മാറിയ ‘കച്ചാ ബദാം’ ഇപ്പോഴും ട്രെന്‍ഡിങ്ങിൽ തുടരുകയാണ്. ആദ്യ കേള്‍വിയിൽ തന്നെ താളം പിടിപ്പിച്ചു രസിപ്പിക്കുന്ന ഈ ബംഗാളി പാട്ട് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നു.