ADVERTISEMENT

‘‘ലതാജിയുടെ ജീവനുവേണ്ടി ഞങ്ങൾ കരഞ്ഞുപ്രാർഥിക്കുകയായിരുന്നു. പക്ഷേ ആ പ്രാർഥന വിഫലമായി’’ കോഴിക്കോട് മിഠായിത്തെരുവില്‍ എന്നും വൈകുന്നേരം പാടാനെത്തുന്ന തെരുവുഗായകൻ ബാബു ഭായിയും ഭാര്യ ലതയും വിങ്ങലോടെ പറയുന്നു. മൂന്നുപതിറ്റാണ്ടുകളായി മിഠായിത്തെരുവിൽ പാടുന്ന മാവൂർ കന്നിപ്പറമ്പ് ബാബു ശങ്കർ എന്ന ബാബുഭായിക്കും ഭാര്യ ലതയ്ക്കും ലതാ മങ്കേഷ്കറെന്നാൽ ദൈവമാണ്. ലതാജിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഈ കുടുംബം.

 

ലത ഒരു പേരു മാത്രമല്ല

 

ബാബുഭായിയുടെ ഭാര്യക്ക് ലതയെന്ന പേരുലഭിച്ചതിനു കാരണം അവരുടെ അമ്മയ്ക്ക് ലതാ മങ്കേഷ്കറിനോടുള്ള ആരാധനയായിരുന്നുവത്രേ. ഗുജറാത്തിൽനിന്ന് കോഴിക്കോട്ടേക്ക് ജോലിതേടി കുടിയേറിയവരാണ് അച്ഛനുമമ്മയും. പക്ഷേ ജോലിയൊന്നും ലഭിക്കാതെ തെരുവുഗായകരായി മാറി. ലതാ മങ്കേഷ്കറിന്റെയും കിഷോർകുമാറിന്റെയും മുഹമ്മദ് റഫിയുടെയും ഗാനങ്ങൾ പാടിയാണ് അവർ ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. 1962ൽ ഒരു മകൾ ജനിച്ചപ്പോൾ ആ അമ്മ തന്റെ പ്രിയപ്പെട്ട പാട്ടുകാരിയുടെ പേര് മകൾക്കിടുകയായിരുന്നുവത്രേ. ‘ഷോർ’ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടിയ ‘എക് പ്യാർ ക നഗ്മാ ഹേ’ എന്ന ഗാനമാണ് ആ അമ്മ മകളെ ആദ്യമായി പഠിപ്പിച്ചത്. 

 

പാട്ടിന്റെ കൂട്ടുകാർ

 

ലതാ മങ്കേഷ്കറിന്റെ ആരാധകനായ തെരുവുഗായകൻ ബാബുവിനെ വിവാഹം കഴിച്ചതിനുശേഷമാണ് ലതാജി പാടിയ അനേകം പാട്ടുകൾ ലത പഠിച്ചത്. വോ ജോ ഹസീന എന്ന ചിത്രത്തിലെ ലാഗ് ജാ ഗലേ എന്ന ഗാനമാണ്  ബാബു ആദ്യം പഠിപ്പിച്ചത്. പ്യാര് കിയാ തോ ഡർനാ ക്യാ, തുഝേ ദേഖാ തോയേ ജാനാ സനം, സത്യം ശിവം സുന്ദരം തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് മിഠായിത്തെരുവിൽ ലത സ്ഥിരമായി പാടാറുള്ളത്.

 

കൈപിടിച്ചു നടത്തിയ ലതാജി

 

സംഗീതപ്രേമികളായ കോഴിക്കോട്ടുകാരാണ് ബാബുഭായിയേയും ലതയേയും ജീവിതത്തിൽ എന്നും കൈപിടിച്ചുകൂടെ നടത്തിയിട്ടുള്ളത്. സ്ഥിരമായി മിഠായിത്തെരുവിൽ പാടുന്ന ബാബുഭായിയെ ഒരിക്കൽ അവിടെനിന്ന് കോർപറേഷൻ പുറത്താക്കി പടിയടച്ചു. കോടികൾ മുടക്കി മിഠായിത്തെരുവ് നവീകരണം നടത്തി പൈതൃകത്തെരുവാക്കി മാറ്റിയപ്പോൾ ഇവിടെ ജാഥകളോ പരിപാടികളോ പ്രകടനങ്ങളോ നടത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ബാബുഭായിയേയും ലതയേയും ഹാർമോണിയവും ഡോലക്കും സഹിതം പുറത്താക്കി. ഇതറിഞ്ഞ കോഴിക്കോട്ടെ സംഗീതപ്രേമികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഗത്യന്തരമില്ലാതെ ബാബുഭായിയേയും ലതയേയും മിഠായിത്തെരുവിൽ പാടാൻ കോർപറേഷൻ അനുവദിക്കുകയായിരുന്നു. ഇരുവർക്കും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുപിന്നിലും സംഗീതപ്രേമികളായ കോഴിക്കോട്ടുകാരാണ്. ലതാമങ്കേഷ്കറിന്റെ പാട്ടുകൾ പാടിയാണ് ഇവർ കോഴിക്കോട്ടുകാരുടെ മനം കവർന്നത്. റിയാലിറ്റി ഷോയിലും പാടാൻ അവസരം ലഭിച്ചു. ഖത്തറിൽ പരിപാടി അവതരിപ്പിക്കാനും അവസരം കിട്ടി.

 

എന്നാൽ 2020 ഫെബ്രുവരി മുതൽ കോവിഡ് ലോക്ഡൗൺ കാരണം തെരുവുകൾ വിജനമായി. രണ്ടു കൊല്ലമായി ഏറെ ഭയപ്പാടോടെയാണ് കുടുംബം മുന്നോട്ടുപോവുന്നത്. പാടാൻ കഴിയുന്നില്ല. വരുമാനമില്ല. അതിനിടെ രോഗവും ദുരിതവും കൂട്ടിനുണ്ട്. ഇതാ, ഏറ്റവുമൊടുവിൽ കോവിഡ് തങ്ങളുടെ പ്രിയപ്പെട്ട ഗായികയുടെ ജീവനും അപഹരിച്ചിരിക്കുന്നു.

 

 

ലതാജി, ജീവനു തുല്യം

 

‘‘ആറു മക്കളെയും വളർത്താനുള്ള പണം ഞങ്ങൾ കണ്ടെത്തിയത് ലതാ മങ്കേഷ്കറിന്റെ പാട്ടുകൾ പാടിയാണ്. ഞങ്ങളുടെ ജീവിതത്തിന്റെ അവസാനശ്വാസം വരെ ലതാജിയുടെ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും’’ ബാബു ഭായിയും ലതയും പറയുന്നു. ലതാ മങ്കേഷ്കറിനെ ഒരിക്കലെങ്കിലും നേരിട്ടുകാണണമെന്ന ആഗ്രഹം ഇനിയൊരിക്കലും സാധിക്കില്ലെന്നത് ഇരുവരെയും ദുഃഖിതരാക്കുന്നു.

 

ലതാമങ്കേഷ്കറിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച അതേ ദിവസം ബാബുവിന്റെയും ലതയുടെയും ജീവിതത്തെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവവുമുണ്ടായി. മൂത്ത മകനെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിടെ വരാന്തയിലിരുന്നാണ് ബാബുവും ലതയും ലതാ മങ്കേഷ്കറിന്റെ വിയോഗവാർത്തയറിഞ്ഞ് വിങ്ങിപ്പൊട്ടിയത്. മകന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിച്ചിരുന്നതുപോലെ ഇരുവരും ഇത്രയും ദിവസവും ലതാ മങ്കേഷ്കറിന്റെ ജീവനുവേണ്ടിയും പ്രാർഥിക്കുകയായിരുന്നു. ബാബുഭായ് പറഞ്ഞു നിർത്തുന്നു: ‘‘ഞങ്ങളുടെ ജീവിതത്തിൽ മകനെപ്പോലെ പ്രാധാന്യമുള്ളയാളാണ് ലതാജിയും’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com