എന്നും താളം പിടിപ്പിച്ച് ചുവടുവപ്പിച്ചു, ഇന്ന് കരയിപ്പിച്ചു; ബപ്പിയുടെ ഈണങ്ങൾ വേദനയാകുമ്പോൾ!
Mail This Article
ബപ്പി ലാഹിരിയുടെ വിയോഗം സംഗീത ലോകത്തിനുണ്ടാക്കിയ വേദന വാക്കുകൾക്കുമപ്പുറമാണ്. റീമിക്സുകളും കവർ പതിപ്പുകളും ഡിജെകളുമായി സംഗീത ലോകം മറ്റൊരു തലത്തിൽ എത്തുന്നതിനു ദശാബ്ദങ്ങൾക്കു മുൻപാണ് തനത് ഈണങ്ങൾ കൊണ്ട് ബപ്പി ലാഹിരി ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ചത്. ഇതിഹാസ സംഗീതജ്ഞന്റെ നിത്യഹരിത ഗാനങ്ങളിലേയ്ക്കൊരു തിരിഞ്ഞുനോട്ടം.
കോയി യഹാ നാച്ചേ നാച്ചേ...
1982 ൽ പുറത്തിറങ്ങിയ ‘ഡിസ്കോ ഡാൻസർ’ ശ്രദ്ധിക്കപ്പെട്ടത് കാലാതിവർത്തിയായ അതിലെ പാട്ടുകൾ കൊണ്ടു കൂടിയായിരുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ റീൽ വിഡിയോകളായും ഗാനമേളകളിലും വിവാഹവീടുകളിലും ചിത്രത്തിലെ ‘കോയി യഹാ നാച്ചേ നാച്ചേ’ ആഘോഷിക്കപ്പെടുന്നു. കാലമെത്ര മുന്നോട്ടു പോയാലും ആ ഈണം അങ്ങനെ തന്നെ നിലനിൽക്കും.
കലിയോം കാ ചമൻ...
ഇന്ത്യ മുഴുവൻ ഇപ്പോഴും ഏറ്റു പാടുന്ന ഹിറ്റ് നമ്പർ ആണ് ‘കലിയോം കാ ചമൻ’. നിരവധി റീമിക്സ്കളും കവർ പതിപ്പുകളുമൊക്കെ ഉണ്ടായ പാട്ടുകളിൽ ഒന്ന് കൂടിയാണിത്. ‘ജ്യോതി’യിലെ ഈ ഗാനം ഇന്നും സംഗീതലോകത്തു തരംഗമാണ്.
സൂ സൂ സുബി സുബി...
അന്നും ഇന്നും ഇന്ത്യയെ ഇളക്കി മറിക്കുന്ന പാട്ടാണ് ‘സൂ സൂ സുബി സുബി’. ബപ്പി ലാഹിരിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഈ പാട്ട് ഇപ്പോഴും തലമുറകൾ ഏറ്റുപാടുന്നു.
ജിമ്മി ജിമ്മി...
മിഥുൻ ചക്രവർത്തിയുടെ ചടുല നൃത്ത ചുവടുകളോടെ പുറത്തു വന്ന ‘ജിമ്മി ജിമ്മി’ എന്ന ഗാനം ഡിസ്‌കോ ഡാൻസർ എന്ന സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. ആർക്കും നൃത്തം ചെയ്യാൻ തോന്നുന്ന ഈ പാട്ട് റഷ്യയിൽ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ തരംഗമായി.
ജവാനി ജാനേമൻ...
ബപ്പി ലാഹിരിയുടെ മറ്റൊരു ക്ലാസ്സിക് ആണ് ജവാനി ജാനേമൻ. നമക് ഹലാൽ എന്ന സിനിമയിലെ ഈ പാട്ടും ബപ്പി ലാഹിരിയുടെ ശബ്ദവും പർവീൺ ബാബിയുടെ നൃത്ത ചുവടുകളും ഇന്ത്യൻ സിനിമാ ലോകം എന്നും ഓർക്കും.
യാർ ബിനാ...
സഹെബിലെ ഈ ഗാനം ഇന്ത്യയിലെ എക്കാലത്തെയും മികച്ച പാർട്ടി പെപ്പി നമ്പർ ആണ്. അനിൽ കപൂറിന്റെയും അമൃത സിങ്ങിന്റെയും കരിയറിലെ മികച്ച നൃത്ത ചുവടുകൾ എന്ന അംഗീകാരം നേടിയ ഗാനം, ഇന്നും ആളുകൾ ഏറ്റുപാടി നൃത്തം ചെയ്യാറുണ്ട്.
ദേ ദേ പ്യാർ ദേ...
അമിതാഭ് ബച്ചന്റെ ശരാബിയും ദേ ദേ പ്യാർ ദേയും സംഗീത പ്രേമികൾക്ക് എന്നും കാതിനും കണ്ണിനും വിരുന്നാണ്. നൃത്ത ചുവടുകൾ കൊണ്ട് ഇന്നും സംഗീത ലോകത്ത് ക്ലാസ്സിക് ആയി പാട്ട് നിലനിൽക്കുന്നു.
തമ്മ തമ്മാ തണ്ടേദാർ...
തൊണ്ണൂറുകളെ ത്രസിപ്പിച്ച പാട്ടാണ് തമ്മാ തമ്മാ. മാധുരി ദീക്ഷിതിന്റെ ചുടുലമായ ചുവടുകൾ ലോകത്തെ കയ്യിലെടുത്തു. ബദ്രിനാഥ് കി ദുൽഹനിയയ്ക്കു വേണ്ടി പാട്ട് റീമിക്സ് ചെയ്തിരുന്നു.
ഊലാലാ ഉലാലാ...
ഡേർട്ടി പിക്ചറിലെ ഈ ഫാസ്റ്റ് നമ്പർ കേട്ട് താളം പിടിക്കാത്തതായി ആരുണ്ട്. ശ്രേയ ഘോഷാലും ബപ്പി ലാഹിരിയും ചേർന്നാലപിച്ച ഗാനമാണിത്. ബപ്പിയുടെ വേറിട്ട ശബ്ദം കൊണ്ടു കൂടിയാണ് ‘ഊലാലാ ഉലാലാ’ ഇത്രയേറെ ആഘോഷിക്കപ്പെട്ടത്.
രാത് ബാക്കി...
നമക് ഹലാലിലെ ഈ ഗാനം ബപ്പി ലാഹിരിയുടെ ക്ലാസ്സിക് സംഗീത സംവിധാനത്തിന് ഉദാഹരണമാണ്. ആശ ഭോസ്‌ലെയുടെ പാട്ടുകളിലെ സൂപ്പർഹിറ്റ് കൂടിയാണിത്. പാട്ടിന് ഇന്നും ആരാധകർ ഏറെ.