‘കബി അൽവിദാ നാ കെഹ്നാ’: വിട ബപ്പി ലാഹിരി
Mail This Article
ആസ്വാദകരെ ഒന്നാകെ താളം പിടിപ്പിച്ച് പാതിയിൽ മുറിഞ്ഞ ഈണമായി ബപ്പി ലാഹിരി മടങ്ങി. ഗായിക ലതാ മങ്കേഷ്കറിന്റെ വിയോഗത്തിന്റെ വേദന തീരും മുന്‍പേയാണ് ‘ഡിസ്കോ കിങ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബപ്പിയുടെ വിയോഗം. അടുത്ത ഹൃദയബന്ധം പുലർത്തിയ ഇരുവരും വിടവാങ്ങിയതും അടുത്തടുത്ത ദിവസങ്ങളിൽ.
ബപ്പി ലാഹിരിക്ക് എപ്പോഴും ആശ്രയമായി ഉണ്ടായിരുന്നത് ലതാ മങ്കേഷ്കർ ആണ്. കരിയറിന്റെ തുടക്കകാലത്തു തന്നെ ബപ്പിയുടെ സംഗീതത്തിൽ മനസ്സുടക്കിയ ലത, യുവത്വത്തെ ത്രസിപ്പിക്കുന്ന സംഗീതജ്ഞനായി അദ്ദേഹം വളരുമെന്ന് ആശംസിച്ചിരുന്നു. കാലം ചലിച്ചപ്പോൾ ലതയുടെ വാക്കുകൾ സത്യമായി. യുവത്വത്തെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ താളം പിടിപ്പിക്കാൻ ബപ്പിക്കു കഴിഞ്ഞു. അങ്ങനെ 80കളിലും 90കളിലും ‘ബപ്പിസംഗീതത്തി’നു രാജ്യം കാതോര്‍ത്തു.
ഫാസ്റ്റ് നമ്പറുകളാണ് ബപ്പി കൂടുതലും സംഗീതലോകത്തിനു സമ്മാനിച്ചത്. അവയോരോന്നും എത്രകേട്ടാലും മതിവരാത്ത രീതിയില്‍ പുതുതലമുറയ്ക്കു ലഹരിയാവുകയും ചെയ്തു. ‘ഐ ആം എ ഡിസ്കോ ഡാൻസർ’ എന്ന ഒറ്റപ്പാട്ട് മാത്രം മതിയാകും ബപ്പി എക്കാലവും ജീവിക്കാൻ. അറിയപ്പെടുന്നത് ഫാസ്റ്റ് നമ്പറുകളുടെ പേരിലാണെങ്കിലും നാടൻ പാട്ടുകളും മെലഡികളും ഗസലുകളും ബപ്പിക്കു വഴങ്ങുമായിരുന്നു.
നവംബർ 27നാണ് ഔദ്യോഗിക ജന്മദിനമെങ്കിലും ബപ്പി പിറന്നാളുകൾ ആഘോഷിച്ചിരുന്നത് ജൂലൈ 18നാണ്. അദ്ദേഹത്തിന്റെ സംഗീതത്തിൽ ‘ചൽതേ ചൽതേ’ എന്ന ഗാനം കിഷോർ കുമാർ പാടി റെക്കോർഡ് ചെയ്ത ദിനമാണിത്. തന്റെ രണ്ടാം ജന്മമായി ജൂലൈ 18നെ ബപ്പി കണ്ടു. പിറന്നാളുകളിൽ കിഷോർ കുമാറിന്റെ പാട്ടുകളാണ് ബപ്പിയുടെ വസതിയിൽ മുഴങ്ങിയിരുന്നത്. കിഷോർ കുമാറുമായി വലിയ ആത്മബന്ധവും അദ്ദഹം സൂക്ഷിച്ചിരുന്നു. കിഷോർ കുമാറിന്റെ അന്ത്യയാത്ര കടന്നു പോകുന്ന വേളയിലും ബപ്പിയുടെ അതേ ഈണമാണ് വീഥികളിൽ ഉയർന്നുകേട്ടത്.
മൂന്നാം വയസ്സിൽ തബല വായിച്ചാണ് ബപ്പി ലാഹിരി സംഗീതലോകത്തേയ്ക്കെത്തിയത്. മാതാപിതാക്കൾ തന്നെയായിരുന്നു ആദ്യ ഗുരുക്കന്മാർ. പാട്ടിൽ വളർന്ന അദ്ദേഹം രാജ്യത്തെ കീഴടക്കി ഹൃദയങ്ങളെ കയ്യിലെടുത്തത് അതിവേഗത്തിലാണ്. ചൽതേ ചൽതേയും ഡിസ്കോ ഡാൻസറും ശരാബിയും ഇനിയും പ്രേക്ഷകരുടെ ഹൃദയവീഥികളിലൂടെ ഒഴുകിയിറങ്ങും. അപ്പോഴും പക്ഷേ ബപ്പി ലാഹിരിയെന്ന മാന്ത്രിക ഈണത്തിന്റെ വിയോഗം വേദനപ്പിച്ചുകൊണ്ടേയിരിക്കും.