ബപ്പി പാടി, ഇന്ത്യ ആടി; അന്തരിച്ച ബപ്പി ലാഹിരിയുടെ ഈണങ്ങളിലൂടെ
Mail This Article
‘യാദ് ആ രഹാ ഹൈ....’ ഇന്ത്യയൊന്നാകെ 1980 കളിൽ ഏറ്റുപാടിയ ഗാനം. ‘ഡിസ്കോ ഡാൻസർ’ എന്ന സിനിയിലെ ഈ ഗാനത്തിന്റെ ഈണം മാത്രമല്ല, ആലാപനവും ബപ്പി ലാഹിരിയുടേതായിരുന്നു.
ഈ ചിത്രത്തിലെ ‘ഐ ആം എ ഡിസ്കോ ഡാൻസർ’, ‘ജിമ്മി ജിമ്മി ജിമ്മി’ തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്ത്യയിലെങ്ങും ഡിസ്കോ ലഹരി പടർത്തിയവയാണ്. ഷരാബി, ഗിരഫ്താർ, ചൽതേ ചൽതേ, കമാൻഡോ, ഗുരു തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ 80–കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ അദ്ദേഹം 1986ൽ 33 സിനിമകൾക്കു വേണ്ടി 180 ഗാനങ്ങൾ ചിട്ടപ്പെടുത്തി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിലും ഇടം നേടി. 500 ലേറെ ചിത്രങ്ങളിലായി ആകെ 5,000 ഓളം പാട്ടുകൾ ചിട്ടപ്പെടുത്തി.
ഹിന്ദിക്കു പുറമേ ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഭോജ്പുരി, അസമീസ്, ഗുജറാത്തി, മറാഠി, പഞ്ചാബി, മലയാളം ഭാഷകളിലും പാട്ടുകളൊരുക്കി. ഇടക്കാലത്ത് അരങ്ങിൽനിന്നു മാറിനിന്നെങ്കിലും 2011ൽ ‘ദ് ഡേർട്ടി പിക്ചർ’ എന്ന സിനിമയ്ക്കുവേണ്ടി ശ്രേയ ഘോഷാലിനൊപ്പം പാടിയ ‘ഊലാലാ ഊലാലാ’ എന്ന ഗാനം വൻ ഹിറ്റായി. 2012ൽ ‘ജോളി എൽഎൽബി’ എന്ന ചിത്രത്തിനുവേണ്ടി ബപ്പി പാടിയ ‘എൽ ലഗ് ഗയേ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.
ഏറ്റവുമൊടുവിൽ പാടിയത് 2020ൽ ‘ബാഗി 3’ യിലാണ്. കിഷോർ കുമാറിനും ആശ ഭോൻസ്‌ലെയ്ക്കും ഹിറ്റുഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ഉഷാ ഉതുപ്പിനും ബോളിവുഡ് സംഗീതത്തിൽ സ്വന്തം ഇടം സമ്മാനിച്ചത്. ബപ്പി ലാഹിരി ഒരുക്കിയ പഴയ ഗാനങ്ങൾ പലതും ഇന്ന് റീമിക്സുകളായി സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് കാലങ്ങളെ മായ്ക്കുന്ന അദ്ദേഹത്തിന്റെ ഈണത്തിന്റെ മികവുതന്നെ.
മെലഡിയിലും ഇന്ദ്രജാലം
ഡിസ്കോ തരംഗത്തിൽ ബോളിവുഡിനെ ചുവടുവയ്പിച്ചപ്പോഴും ബപ്പി ലാഹിരി മെലഡിയുടെ ഈണങ്ങൾ കൈവിട്ടില്ല. ‘ചൽതെ ചൽതെ’ എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹമൊരുക്കി കിഷോർ കുമാർ പാടിയ ‘കഭി അൽവിദ നാ കെഹനാ’ എക്കാലത്തേക്കുമുള്ള പ്രണയമധുരം സൂക്ഷിച്ച ഗാനമാണ്. ‘ടൂഠേ ഖിലോനേ’ എന്ന ചിത്രത്തിനുവേണ്ടി യേശുദാസ് പാടിയ ‘മാനാഹോ തും’ എന്ന ഗാനമാകട്ടെ, എഴുപതുകളിലെ കാൽപനികതയ്ക്ക് തേൻമധുരം നൽകിയതാണ്. കിഷോർ കുമാർ ആലപിച്ച മേരെ മുന്ന മേരെ ചന്ദ(ദിൽജാലാ), ആശാ ഭോസ്‌ലെയും എസ്.പി.ബാലസുബ്രഹ്മണ്യവും ആലപിച്ച ഓ മിലൻ (തോഹ്ഫാ) എന്നീ ഗാനങ്ങളും ഭൂപീന്ദർ സിങ്, ആശാ ഭോസ്‌ലെ എന്നിവർ പാടിയ കിസി നസർ കൊ, ആവാസ് ദിഹെ (ഐത്ബാർ) എന്നീ ഗസൽഗാനങ്ങളും ഒരിക്കലും മരിക്കാത്തവയാണ്.
എൽവിസ് പ്രെസ്‌ലി എന്ന ഗായകനെപ്പോലെയാകാൻ കൊതിച്ച ബംഗാളി യുവാവ് ഈണത്തിൽ മാത്രമല്ല, വേഷത്തിലും വേറിട്ടുനിന്നു. കഴുത്തുനിറയെ സ്വർണമാലകളും വിരലുകൾ നിറയെ മോതിരങ്ങളും പല നിറങ്ങളിലുള്ള കൂളിങ് ഗ്ലാസും ധരിച്ചു വേദികളിലെത്തി.