ഞാൻ ഇപ്പോൾ സെലിബ്രിറ്റി അല്ലേ, ഇനി ബദാം വിൽപ്പനയ്ക്കില്ല: കച്ചാ ബദാമിന്റെ സ്രഷ്ടാവ്
Mail This Article
'കചാ ബദാം' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി പാട്ടിന്റെ സ്രഷ്ടാവ് ഭൂപന്‍ ഭട്യാകര്‍. താൻ ബദാം വിൽപ്പന നിർത്തുകയാണെന്നും ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ഭൂപൻ വ്യക്തമാക്കി. 'കചാ ബദാം' പാട്ട് വൈറൽ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി, പാട്ടിന്റെ റോയൽറ്റിയായി ഒരു ലക്ഷം രൂപ നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ഞാനിപ്പോൾ ഒരു സെലിബ്രിറ്റി അല്ലേ, ഇനിയും ബദാം വിൽപ്പന നടത്തുന്നതു ശരിയല്ലല്ലോ. അതുകൊണ്ട് എന്റെ തൊഴിൽ നിർത്തുന്നു. ഇനി മുതൽ ബദാം വിൽപ്പനയ്ക്കിറങ്ങില്ല. പുറത്തു പോയാൽ ആരെങ്കിലും എന്നെ പിടിച്ചുകൊണ്ടുപൊകുമെന്ന് അയൽവാസികൾ പറയുന്നു. മൂന്ന് മാസം മുന്‍പ് വരെ പത്ത് പേരടങ്ങുന്ന എന്‍റെ കുടുംബം കൊടിയ ദാരിദ്രത്തിലായിരുന്നു. എന്റെ പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നു. കലാകാരനായും നിങ്ങളിലൊരാളായും ഞാനിവിടെയുണ്ടാകും’, ഭൂപന്‍ ഭട്യാകര്‍ പറഞ്ഞു.
ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ, ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടിയത്. ഒരുദിവസം കച്ചവടത്തിനിടെ പാട്ട് പാടുന്നതിന്റെ വിഡിയോ ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. പിന്നീട് അത് വൈറൽ ആവുകയായിരുന്നു. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ ഹിറ്റോടു ഹിറ്റ്! പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.