എന്നോടു ക്ഷമിക്കണം, ഞാൻ സെലിബ്രിറ്റി ആണെന്നു സ്വയം വിചാരിച്ചു: ‘കച്ച ബദം’ സ്രഷ്ടാവ്
Mail This Article
‘കച്ചാ ബദം’ പാട്ട് വൈറൽ ആയതോടെ താൻ സെലിബ്രിറ്റി ആണെന്നു സ്വയം വിചാരിച്ചെന്നും അതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും തുറന്നു പറഞ്ഞ് പാട്ടിന്റെ സ്രഷ്ടാവ് ഭൂപൻ ഭട്യാകർ. താൻ സെലിബ്രിറ്റിയാണെന്ന പ്രസ്താവന നടത്തിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നും ഭൂപൻ പറഞ്ഞു.
ബംഗാളിലെ വഴിയോരങ്ങളിൽ ബദാം വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു ഭൂപൻ ഭട്യാകർ. ഒരു ദിവസം കച്ചവടത്തിനിടെ ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ‘കച്ചാ ബദം’ പാട്ട് പാടിയത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വൈറൽ ആയി. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
പാട്ട് വൈറൽ ആയതോടെ ജീവിതാവസ്ഥ മെച്ചപ്പെടുകയും തുടർന്ന് ഇനി മുതൽ താൻ ബദാം വിൽപ്പനയ്ക്കില്ലെന്നും പറഞ്ഞ് ഭൂപൻ രംഗത്തെത്തിയിരുന്നു. താൻ സെലിബ്രിറ്റി ആയതിനാൽ ഇനി വഴിയോരക്കച്ചവടം നടത്തുന്നതു ശരിയല്ല എന്നായിരുന്നു ഗായകന്റെ പ്രതികരണം. ഭൂപന്റെ ഈ വാക്കുകൾ ചർച്ചയായതോടെ സമൂഹമാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയര്‍ന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലിൽ ഭൂപൻ പ്രസ്താവന തിരുത്തിയിട്ടുണ്ട്. വേണ്ടി വന്നാൽ ഇനിയും താൻ ബദാം കച്ചവടം നടത്തുമെന്നാണ് ഗായകൻ പറഞ്ഞിരിക്കുന്നത്.