ആലിയയ്ക്കൊപ്പം ആറാടി രാംചരണും ജൂനിയർ എൻടിആറും; ഹിറ്റടിച്ച് ആർആർആറിലെ പാട്ട്
Mail This Article
രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ആര്‍ആർആറിലെ (രൗദ്രം രണം രുദിരം) ആഘോഷഗാനം പുറത്തിറങ്ങി. മരതകമണി സംഗീതം പകർന്ന പാട്ടിന്റെ മലയാളം പതിപ്പ് വിജയ് യേശുദാസ്, ഹരിശങ്കർ, സഹിതി, ഹരിക നാരായണൻ എന്നിവർ ചേർന്നാണ് ആലപിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ കുറിച്ചു.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ആലിയ ഭട്ട്, ജൂനിയർ എൻടിആർ, രാംചരൺ എന്നിവരുടെ തകർപ്പൻ ചുവടുകളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. താരങ്ങളുടെ ചടുലമായ ചുവടുകൾ പ്രേക്ഷകരെ താളം പിടിപ്പിക്കുകയാണ്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്കു നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.
ആർആർആറിൽ അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാർച്ച് 25ന് ചിത്രം പ്രദർശനത്തിനെത്തും.