വീണ്ടും വിവാഹത്തിനൊരുങ്ങി ബേബിഡോൾ ഗായിക; വരൻ ഗൗതം
Mail This Article
രണ്ടാം വിവാഹത്തിനൊരുങ്ങി ഗായിക കനിക കപൂർ. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഗൗതം എന്ന ബിസ്സിനസുകാരനാണു വരൻ. വിവാഹം ഈ വർഷം മേയിൽ നടക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ വച്ചായിരിക്കും ചടങ്ങുകൾ. കഴിഞ്ഞ ഒരു വർഷമായി കനികയും ഗൗതവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശയാത്രയിലാണ് കനിക കപൂർ.
ബിസ്സിനസുകാരനായ രാജ് ചന്ദോക് ആണ് കനികയുടെ ആദ്യഭര്‍ത്താവ്. 1998ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2012ൽ വിവാഹമോചിതരായി. ഈ ബന്ധത്തിൽ ആയന, സമറ, യുവ്‌രാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മൂവരും കനികയ്ക്കൊപ്പമാണ് കഴിയുന്നത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഗായിക പങ്കുവയ്ക്കാറുണ്ട്.
ബോളിവുഡിലെ മുൻനിരാഗായികയാണ് 43കാരിയായ കനിക കപൂർ. സണ്ണി ലിയോണിയുടെ ഡാൻസ് നമ്പർ ആയ ‘ബേബിഡോൾ’ പാടി രാജ്യാന്തര ശ്രദ്ധ നേടി. കനികയുടെ കരിയറിൽ വഴിത്തിരിവായ പാട്ടാണത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകവെയാണ് തനിക്കു ബേബിഡോൾ പാടാൻ അവസരം ലഭിച്ചതെന്നു മുൻപ് കനിക വെളിപ്പെടുത്തിയിരുന്നു.