സമാന്ത അല്ല, ഇനി ദിഷ എത്തും; ആരാധകരെ ത്രസിപ്പിക്കാൻ പുഷ്പ 2ലും ഐറ്റം ഡാൻസ്
Mail This Article
അല്ലു അർജുൻ നായകനായെത്തിയ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ സുകുമാര്‍. ആദ്യ ഭാഗത്തിലേതു പോലെ പുഷ്പ 2ലും ഐറ്റം ഡാൻസ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാൽ സമാന്തയ്ക്കു പകരം ദിഷ പഠാനിയാകും ഐറ്റം ഡാൻസുമായി എത്തുകയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പുഷ്പയിലെ ‘ഊ അന്തവാ...’ ഐറ്റം ഡാൻസിനു വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത് ദിഷ പഠാനിയെ ആയിരുന്നു. താരത്തിന്റെ അസൗകര്യത്തെത്തുടർന്നാണ് ഹോട്ട് നമ്പറുമായി സമാന്ത എത്തിയത്. ‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായിരുന്നു സമാന്തയുടെ ഐറ്റം ഡാൻസ്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം.
4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട് രാജ്യമാകെ തരംഗമായി. ദേവി ശ്രീ പ്രസാദ് ആണ് പാട്ടിന് ഈണമൊരുക്കിയത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ഗാനം ആലപിച്ചു. ഇപ്പോഴിതാ പുഷ്പ 2ലെ ദിഷയുടെ ഐറ്റം ഡാൻസിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകർ.