ഓസ്കറിൽ മുത്തമിട്ട് ചേട്ടനും അനിയത്തിയും! നേട്ടങ്ങൾ തുടർകഥയാക്കുന്ന ബില്ലിയും ഫിനിയസും
Mail This Article
ഗ്രാമി, ഗോൾഡൻഗ്ലോബ് ഒടുവിൽ ഓസ്കർ! 94ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ പോപ് താരം ബില്ലിയുടെയും സഹോദരൻ ഫിനിയസ് ഒകോണലിന്റെയും നേട്ടങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ്. ആദ്യമായി ഓസ്കറിൽ മുത്തമിട്ട് ചേട്ടനും അനിയത്തിയും ലോകത്തിന്റെ കയ്യടി നേടി. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ജെയിംസ് ബോണ്ട് സീരീസിലെ 25ാം ചിത്രമായ ‘നോ ടൈം ടു ഡൈ’യിലെ തീം സോങ്ങിനാണ് പുരസ്കാരം. ബില്ലിയും സഹോദരൻ ഫിനിയസ് ഒകോണലും ചേർന്നൊരുക്കിയ ‘നോ ടൈം ടു ഡൈ’ കയ്യും കണക്കുമില്ലാതെയാണ് ആരാധകരെ വാരിക്കൂട്ടിയത്. ആഴ്ചകളോളം യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയിരുന്നു പാട്ട്.
ബിയോണ്‍സി, വാൻ മോറിസൺ, ലിൻ മാനുവൽ മിറൻഡ തുടങ്ങി സംഗീതലോകത്തെ വമ്പന്മാരെ പിന്നിലാക്കിയാണ് ബില്ലിയും ഫിനിയസ് ഒകോണലും ഓസ്കർ നേട്ടം കരസ്ഥമാക്കിയത്. നേട്ടം വിശ്വസിക്കാനാകുന്നില്ലെന്നും അലറിവിളിക്കാൻ തോന്നുന്നു എന്നുമായിരുന്നു ബില്ലിയുടെ ആദ്യപ്രതികരണം. കറുപ്പഴകിലാണ് ബില്ലിയും ഫിനിയസും ഓസ്കർനിശയിൽ എത്തിയത്. പുരസ്കാരനേട്ടത്തിനു ശേഷം വേദിയിൽ നിന്നപ്പോൾ രണ്ടു പേർക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യം, മാതാപിതാക്കളോടുള്ള നന്ദി. തങ്ങളുടെ സൂപ്പർഹീറോസ് ആണ് അവരെന്നും പ്രചോദനവും പിന്തുണയും നൽകി അവർ എപ്പോഴും കൂടെയുണ്ടെന്നും ഇരുവരും പറയുന്നു.
18ാം വയസ്സിൽ മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയാണ് ബില്ലി ലോകത്തെ കയ്യടിപ്പിച്ചത്. വെറുതെ നേടിയെന്നു പറയാൻ പറ്റില്ല, ഗ്രാമി ചരിത്രത്തിൽ മികച്ച ആൽബത്തിനുളള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഖ്യാതിയോടെയായിരുന്നു നേട്ടം. മികച്ച പാട്ട്, റെക്കോർഡ്, പുതുമുഖം എന്നീ മുൻനിരാ വിഭാഗങ്ങളിലും പുരസ്കാരം നേടി ബില്ലി അന്ന് ഗ്രാമി വേദിയിൽ തിളങ്ങി. ഇപ്പോഴിതാ ഓസ്കറും സ്വന്തമാക്കിയതോടെ ഗായികയുടെ നേട്ടങ്ങൾ തുടർകഥയാവുകയാണ്. ജെയിംസ് ബോണ്ട് ചിത്രത്തിലെ സംഗീതത്തിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. 2015 ലെ ബോണ്ട് ചിത്രമായ സ്‌പെക്ടർ, 2012ലെ സ്‌കൈ ഫോൾ എന്നിവയ്ക്കും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.