ADVERTISEMENT

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’യെ പ്രശംസിച്ച് സംഗീതസംവിധായകൻ രതീഷ് വേഗ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വികെപിയുടെ സംവിധാന മികവിനെയും ചിത്രത്തിലെ പ്രധാനതാരങ്ങളായ നവ്യ നായരുടെയും വിനായകന്റെയും അഭിനയമികവിനെയും രതീഷ് വേഗ പ്രശംസിച്ചത്. ‘ഒരുത്തീ’ സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണെന്നും അദ്ദേഹം കുറിച്ചു. 

 

 

കുറിപ്പിന്റെ പൂർണരൂപം:

 

 

ഒരുത്തീ എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടർ എന്റെ പ്രിയ ഗുരുനാഥൻ കൂടിയായ വികെപി സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണക്കാരുടെ ജീവിതത്തിലെ നേർക്കാഴ്ചയാണ് ഒരുത്തീ. നന്ദനത്തിലെ ബാലാമണിയിൽ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തിൽ കണ്ടില്ല; നമ്മുടെ ഇടയിൽ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാൽ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം.

 

രാധാമണിയുടെ ആത്മസംഘർഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കിൽ വികെപി സർ അത് കൺസീവ് ചെയ്യുന്നതിൽ അൾട്ടിമേറ്റ് ആണ് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്.

 

ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി. എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം. ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകൾക്ക് ഉള്ളിൽ മാത്രം നിർത്തിപോന്ന കലാകാരൻ ആണ് വിനായകൻ എന്ന് ഒരുത്തി കണ്ടപ്പോൾ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകൻ ചെയ്തിരിക്കുന്നത്.

 

അങ്ങനെ ഒരു വെല്ലുവിളി എടുത്തതിന് വികെപി സാറിന് ആണ് ആദ്യ കൈയ്യടി. വിനായകൻ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങട്ടെ.

അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കള്ളിമുണ്ട് കഥാപാത്രങ്ങൾക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേത്തിന് കഴിയും. ശിക്കാറിനുശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com