‘ബോചെ പൊളിച്ചു’; അറബിക് കുത്തിനൊപ്പം ബോബി ചെമ്മണ്ണൂരിന്റെ കിടിലൻ ഡാൻസ്; വിഡിയോ
Mail This Article
പുത്തന്‍ നൃത്തവിഡിയോ പങ്കിട്ട് ബോബി ചെമ്മണ്ണൂർ. വൈറൽ ഗാനം ‘അറബിക് കുത്തി’നൊപ്പമാണ് ചടുലമായ ചുവടുകളുമായി ആരാധകരുടെ പ്രിയ ‘ബോചെ’ എത്തിയത്. ‘ഇതും ഒരു ഡാൻസ് ആണ്’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു.
വിജയ് ചിത്രം ബീസ്റ്റിലെ പാട്ടാണ് ‘അറബിക് കുത്ത്’. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ഗാനത്തിനു പിന്നിൽ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. നടൻ ശിവകാർത്തികേയൻ എഴുതിയ വരികൾ അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചു. പാട്ട് വൈറൽ ആയതോടെ താരങ്ങൾ ഉൾപ്പടെയുള്ളവർ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ നൃത്ത പ്രകടനവും സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ‘ബോചെ പൊളിച്ചു’ എന്നാണ് വിഡിയോ കണ്ട ആരാധകരുടെ പ്രതികരണങ്ങൾ. മുൻപും ബോബി ചെമ്മണ്ണൂരിന്റെ റീൽ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഓണക്കാലം ഓമനക്കാലം’ എന്ന സംഗീത വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.