‘അഞ്ചാം പതിപ്പിൽ ഞാനില്ല, പക്ഷേ ആ ട്യൂൺ ഉണ്ടാകും’; മാറ്റങ്ങളെ സ്വാഗതം ചെയ്ത് ശ്യാം
Mail This Article
മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവിലെ ടീസർ ചെന്നൈയിലെ വസതിയിലിരുന്ന് കൗതുകപൂർവം വീക്ഷിക്കുകയാണ് സംഗീതസംവിധായകൻ ശ്യാം. കഴിഞ്ഞ നാലു സീരീസിലും ഈ ടീമിനൊപ്പം ശ്യാമും ഉണ്ടായിരുന്നെങ്കിലും ഇത്തവണ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്. ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്യാം പറഞ്ഞു. ഒപ്പം, ചെറിയ നിർദേശങ്ങളും.
വർഷങ്ങൾക്കിപ്പുറവും ശ്യാമിന്റെ പ്രതിഭയിൽ ഒരുക്കപ്പെട്ട പ്രശസ്തമായ സിബിഐ തീം മ്യൂസിക് സൃഷ്ടിച്ച ആവേശത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു വ്യക്തം. കൊച്ചുകുട്ടികളെ പോലും ആകർഷിക്കുന്ന ആ തീം മ്യൂസിക് ഒരിക്കൽ കൂടി ശ്യാം തന്റെ കീബോർഡിൽ വായിച്ചു.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്കു ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989–ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോർഡും സേതുരാമയ്യർക്ക് സ്വന്തമാണ്. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.